സമ്മേളനം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും

അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ ആലുവ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി എലൈവിന്റെ ഭാഗമായുള്ള എലൈവ് കരിയർ വണ്ടി പദ്ധതിയുടെ 2022-23 അധ്യയന വർഷത്തെ സമാപന ചടങ്ങ് ജനുവരി 20 വെള്ളിയാഴ്ച നടക്കും.

രാവിലെ 9:30ന് ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് മുഖ്യാതിഥിയാകും. അൻവർ സാദത്ത് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

പദ്ധതിയുടെ ഭാഗമായി, വളർന്നുവരുന്ന തലമുറയുടെ അഭിരുചിക്ക് അനുസരിച്ച് ഭാവി തിരഞ്ഞെടുക്കാൻ കഴിയുക എന്ന ലക്ഷ്യത്തോടെ കരിയർ വിദഗ്ധരായ അധ്യാപകർ മണ്ഡലത്തിലെ എഴുപത്തിനാലോളം സ്കൂളുകൾ സന്ദർശിച്ച് ഉപരിപഠന സാധ്യതകളെക്കുറിച്ച് ക്ലാസുകൾ നൽകി. വിദ്യാർത്ഥികളെ രാജ്യത്തിനകത്തും പുറത്തുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഉപരി പഠനത്തിന് എത്തിക്കാൻ ദിശയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് എലൈവ് കരിയർ വണ്ടി പദ്ധതി നടപ്പിലാക്കിയത്.

ചടങ്ങിൽ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദലി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ജെ. ജോമി, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അമ്പിളി ഗോപി, ദിലീപ് കപ്രശ്ശേരി, അമ്പിളി അശോകൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷക്കീല മജീദ്, റജീന നാസർ, നൗഷാദ് പാറപ്പുറം, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി. ജി. അലക്സാണ്ടർ, ഹയർസെക്കന്ററി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ കരീം, അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ സനൂജ.എ.ഷംസു തുടങ്ങിയവർ പങ്കെടുക്കും.