ചേര്‍ത്തല താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘അര്‍ത്തുങ്കല്‍ ഫെസറ്റ്’ വ്യവസായ ഉത്പന്ന പ്രദര്‍ശന വിപണന മേള ദലീമ ജോജോ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ജനുവരി 23 വരെ രാവിലെ 10 മുതല്‍ രാത്രി എട്ട് വരെയാണ് മേള.

ചടങ്ങില്‍ ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍ ആദ്യ വില്‍പനയും ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.

തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, ജില്ല പഞ്ചായത്ത് അംഗം എന്‍.എസ.് ശിവപ്രസാദ്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി വിനോദ്, ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് അംഗം മേരി ഗ്രേയ്സ് സെബാസ്റ്റ്യന്‍, ഉപജില്ല വ്യവസായ ഓഫീസര്‍ എസ്. ജയേഷ്, ജില്ല വ്യവസായ കേന്ദ്രം മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചേര്‍ത്തല താലൂക്ക് പരിധിയിലെ സംരംഭകരുടെ 30 ഓളം സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.