മൂന്നാർ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്കുള്ള ധനസഹായ രേഖകൾ വിതരണം ചെയ്തു

കേരളത്തിലെ ഭൂപതിവ് നിയമത്തില്‍ അനിവാര്യമായ ഏറ്റവും സാധാരണക്കാരായ മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടെ മൂന്നാറടക്കം ഇടുക്കിയില്‍ മാത്രമല്ല കേരളത്തിലാകെ നിലനില്‍ക്കാവുന്ന വിധത്തില്‍ 1960ലെ ഭൂപതിവ് ചട്ടം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലുമായി കേരളത്തിലെ സര്‍ക്കാര്‍ സഭയുടെ മുമ്പിലേക്ക് പോകാനുള്ള ഔദ്യോഗികമായ തീരുമാനം എടുത്തതായി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ ഭൂരഹിതരായ 100 പേര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള തുക അനുവദിച്ചുള്ള അനുമതി പത്രത്തിന്റെയും, നേരത്തെ ഭൂമി വാങ്ങിയ 50 പേര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായം അനുവദിച്ചു കൊണ്ടുള്ള അനുമതി പത്രത്തിന്റെയും, പഞ്ചായത്തിലെ പുതിയ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട അര്‍ഹരായ 45 ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്കുള്ള ഭവന നിര്‍മ്മാണ ധനസഹായ രേഖയുടെയും വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലൈഫ് പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയത ശേഷം ആദ്യമായി മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ 50 പേരെയെങ്കിലും ഉപഭോക്താക്കളാക്കി കൊണ്ട് ഈ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞത് ചരിത്രമാണ്. 1960ല്‍ രൂപീകരിക്കപ്പെട്ട ഭൂപതിവ് നിയമം 2023ല്‍ എത്തിച്ചേര്‍ന്നപ്പോള്‍ മുപ്പതോളം വിവിധങ്ങളായ ചട്ടങ്ങള്‍ കൂടി തയ്യാറാക്കപ്പെട്ട വിധത്തില്‍ മാറി കഴിഞ്ഞിട്ടുണ്ട്. 1960ല്‍ ഭൂപതിവ് നിയമം രൂപീകരിച്ച ശേഷം ആദ്യം വന്ന ചട്ടം 1964ലെ ചട്ടമാണ്. ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തുമ്പോള്‍ അതിനനുസരിച്ച് വിവിധങ്ങളായ ചട്ടങ്ങളിലും ഭേതഗതി ഉണ്ടാക്കേണ്ടി വരും. ചട്ടങ്ങളിലെ ഭേദഗതി, നിയമഭേദഗതി അംഗീകരിച്ചാല്‍ അതിനുശേഷം നടത്തേണ്ട സര്‍ക്കാരിന്റെ ഒരു ഇടപെടലാണ്. മൂന്നാറിലെ പ്രശ്‌നങ്ങളെ കേട്ടും ഇടുക്കിയിലെ ജനപ്രതിനിധികളുടെ വാക്കുകള്‍ മുഖവിലക്കെടുത്തും കേരളത്തിലാകെ സാധാരണക്കാരായ മനുഷ്യരുടെ ജീവിത പ്രശ്‌നങ്ങളെ തിരിച്ചറിഞ്ഞു കൊണ്ടുമാകും ഭൂപതിവ് നിയമവും ഭൂപതിവ് നിയമത്തെ തുടര്‍ന്ന് കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ചട്ടഭേദഗതികളും നടപ്പില്‍ വരുത്തുക.ഭൂപതിവ് നിയമത്തിന്റെ ഭേദഗതിക്കൊപ്പം തന്നെ മൂന്നാറിലെ വിശിഷ്യയായിട്ടുള്ള പ്രശ്‌നങ്ങളെ പ്രത്യേകമായി ചര്‍ച്ച ചെയ്തു കൊണ്ടുള്ള പരിഹാരം കാണണമെന്ന നിര്‍ദ്ദേശം തന്നെയാണ് കേരളത്തിലെ സര്‍ക്കാരിനുള്ളത്. നീലകുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ദീര്‍ഘകാലത്തെ പഴക്കമുള്ളതാണ്. നീലകുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ ഒരു പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നീലകുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ നിയമസഭ ചേരുന്ന ഈ ഘട്ടത്തില്‍ ജനു. 25ന് തന്നെ ജില്ലയിലേയും സംസ്ഥാനത്തേയും റവന്യു, വനം വകുപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് ഒരടിയന്തിര യോഗം തിരുവനന്തപുരത്ത് നിയമസഭ നടക്കുന്നതിനിടയില്‍ ചേരും. അതിവേഗം പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടുക്കിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ സര്‍ക്കാരിന് മുമ്പിലുണ്ട്. ആ പ്രശ്‌നങ്ങള്‍ ഒരോന്നായി പരിഹരിച്ച് വരാനുള്ള ശ്രമത്തിലാണ്. ആനവിലാസത്തെ മൂന്നാറിന്റെ പ്രത്യേക പരിധിയില്‍ നിന്നൊഴിവാക്കണമെന്ന ഒരാവശ്യം നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ കുറച്ച് നാളുകളായി ഇക്കാര്യം പരിശോധിച്ച് വരികയാണ്. ജനുവരി മാസത്തില്‍ തന്നെ അക്കാര്യത്തില്‍ അനുകൂലമായ ഒരു തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ജില്ലയുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്ന് വന്ന പ്രശ്‌നമാണ് ഏലകൃഷി നടന്നിരുന്ന സ്ഥലങ്ങള്‍. ഗവണ്‍മെന്റ് ഈ പ്രശ്‌നങ്ങളില്‍ എങ്ങനെ പരിഹാരം കാണാം എന്ന് പഠിച്ച് അതിവേഗം ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. സി എച്ച് ആര്‍ മേഖലയില്‍ 2036 ഹെക്ടര്‍ ഭൂമി കേന്ദ്ര സര്‍ക്കാരിന്റെ പതിവ് നല്‍കി ഇവിടെ വനവും റവന്യുവും തമ്മിലുള്ള ചെറിയ തര്‍ക്കം മൂലം കൃത്യമായി രേഖപ്പെടുത്തി കൊടുക്കാനാകുന്നില്ലെന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ 2036 ഹെക്ടര്‍ രേഖപ്പെടുത്തി അടിയന്തിര പ്രധാന്യത്തോടെ ജനങ്ങള്‍ക്ക് വീതിച്ച് നല്‍കാന്‍ വേണ്ടി ചില തീരുമാനമെടുത്തിരുന്നു. വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടുക്കി ജില്ലാ കളക്ടര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു ഉന്നത തല സമിതിയെ തീരുമാനിച്ച് ആ സമിതി ഫെബ്രുവരി മാസത്തിനകം യോഗം ചേര്‍ന്ന് ഈ സ്ഥലങ്ങള്‍ തിരിക്കാനാവശ്യമായ മുഴുവന്‍ നടപടിക്രമങ്ങളും നടത്തണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. ജില്ലയിലെ ചില പട്ടയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്നു വരിക ഉണ്ടായി. പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു കൊണ്ട് ഉന്നതതല സമിതിയോഗം ഇടുക്കിയില്‍ യോഗം ചേര്‍ന്ന് ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഏറ്റവും ചുരുങ്ങിയ കാലയളവിനുള്ളില്‍ ആപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന വിധത്തുള്ള നടപടി ക്രമങ്ങള്‍ മുമ്പോട്ട് കൊണ്ടു പോകുകയാണ്. കേരളം ഡിജിറ്റല്‍ സര്‍വ്വേയിലേക്ക് പോകുകയാണ്. ഇതുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. 1966ല്‍ ആരംഭിച്ചതാണ് റീ സര്‍വ്വേ നടപടികള്‍. ചങ്ങല വലിച്ചുകൊണ്ടുള്ള ചെയിന്‍ സര്‍വ്വേയാണ് അതില്‍ മഹാ ഭൂരിപക്ഷവും. കേരളത്തിലാകെ ഇപ്പോഴുള്ളത് 1666 വില്ലേജുകളാണ്. അതില്‍ 915 വില്ലേജുകളുടെ റീസര്‍വ്വേയാണ് ഇതിനകം കഴിഞ്ഞിട്ടുള്ളത്. 915ല്‍ 91 വില്ലേജുകള്‍ മാത്രമാണ് ഡിജിറ്റല്‍ റീ സര്‍വ്വേ നടത്തിയത്. നാല് വര്‍ഷക്കാലം കൊണ്ട് കേരളം സമ്പൂര്‍ണ്ണായ ഡിജിറ്റല്‍ റീ സര്‍വ്വേയിലേക്ക് പോകും. കൈയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും ഒരു പോലെ കാണുന്ന സീമപനമായിരിക്കില്ല ഈ സര്‍ക്കാരിന്റേത്. എന്നുമാത്രമല്ല ഈ നാട്ടിലെ സാധാരണക്കാരനായ ഒരു മനുഷ്യന് സ്വന്തമായി വീട് വയ്ക്കാന്‍ നാല് ചുവരുകളുള്ള ഒരു വീടുനുള്ളില്‍ താമസിക്കണമെന്നുള്ള ആഗ്രഹം നിറവേറ്റാന്‍ കേരളത്തില്‍ നിലവിലുള്ള ചട്ടങ്ങളിലെ നിയമങ്ങളിലോ മാറ്റം വരുത്തേണ്ടി വന്നാല്‍ ഈ സര്‍ക്കാരിന് ഒരു മടിയുമുണ്ടാകില്ല. ഈസര്‍ക്കാരിന്റെ ലക്ഷ്യം എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും വീട് എന്നതാണെന്നും മന്ത്രി പറഞ്ഞു.അഡ്വ. എ രാജ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വാഴൂര്‍ സോമന്‍ എം എല്‍ എ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ കണ്ണന്‍, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജേന്ദ്രന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.