നെടുമ്പ്രം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പൗള്‍ട്രി ഉത്പ്ന്നങ്ങള്‍ വില്‍ക്കുന്ന എല്ലാ കടകളും വിപണികളും ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടേണ്ടതാണെന്ന് ജില്ലാ കളക്ടറും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കി. രോഗം സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായും ഒരു കിലോമീറ്റര്‍ മുതല്‍ പത്ത് കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് സര്‍വൈലന്‍സ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും പുറത്തേക്കും കോഴികളേയും മറ്റ് പക്ഷികളേയും കൊണ്ടു പോകുന്നതും കൊണ്ടു വരുന്നതും മൂന്ന് മാസത്തേക്ക് നിരോധിച്ചു. എച്ച് 5 എന്‍ 1 വൈറസാണ് സ്ഥിരീകരിച്ചത്. അണുവിമുക്തപ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നത് വരെ കടകള്‍ തുറക്കാന്‍ പാടില്ല. പക്ഷികളേയോ കോഴി ഉല്‍പ്പനങ്ങളോ വില്‍ക്കാനോ പുറത്തേക്ക് കൊണ്ടുപോകാനോ അനുവദിക്കില്ല. രോഗവ്യാപനം കണക്കിലെടുത്ത് പൊതുജനസഞ്ചാരം പരിമിതപ്പെടുത്തണം.

സര്‍വൈലന്‍സ് സോണിലെ എഗ്ഗര്‍ നഴ്‌സറികളുടെ കാര്യത്തില്‍ ജീവനുള്ള കോഴികളുടെ വില്‍പന മൂന്ന് മാസത്തേക്ക് നിരോധിച്ചു. ലേയര്‍ ഫാമുകളില്‍ നിലവിലുള്ള മുട്ടക്കോഴികളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന മുട്ട അതത് പ്രദേശത്ത് മാത്രം വില്‍പ്പന നടത്താം. സ്‌പെന്റ് ചിക്കന്‍ സംസ്‌കരിച്ച് മാത്രമേ വില്‍പന നടത്താന്‍ പാടുള്ളു. ബ്രോയിലര്‍ ഫാമുകളുടെ കാര്യത്തില്‍ നിലവില്‍ ഇറച്ചിക്കോഴികളുണ്ടെങ്കില്‍ അവയെ മാത്രം തുടര്‍ന്ന് വളര്‍ത്താം. ഫാമിനുള്ളില്‍ തന്നെ സംസ്‌കരിച്ച് വിപണനം നടത്തണം. മാത്രമല്ല, സര്‍വൈലന്‍സ് സോണിനുള്ളില്‍ ജീവനുള്ള ഇറച്ചിക്കോഴികളെ മൂന്ന് മാസത്തിനുള്ളില്‍ വില്‍ക്കാന്‍ പാടില്ല. സര്‍വൈലന്‍സ് സോണിന് ഉള്ളിലുള്ള ഫാമുകളില്‍ നിന്നും സംസ്‌കരിച്ച കോഴിയിറച്ചി, മുട്ട എന്നിവ മാത്രം 90 ദിവസത്തേക്ക് സര്‍വൈലന്‍സ് സോണിന് ഉള്ളില്‍ വില്‍പ്പന നടത്താം.

രോഗം സ്ഥിരീകരിച്ച കോഴികളേയും ഇതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റ് വളര്‍ത്തുപക്ഷികളേയും അടിയന്തിരമായി ദയാവധം ചെയ്യും. രോഗബാധിത പ്രദേശത്തുള്ള മുഴുവന്‍ വളര്‍ത്തു പക്ഷികളേയും പ്രത്യേകം രൂപീകരിക്കപ്പെടുന്ന ദ്രുതകര്‍മ്മ സേനാംഗങ്ങള്‍ 20,21,22 തീയതികളിലായി ഭവനസന്ദര്‍ശനം നടത്തി ശാസ്ത്രീയമായി ദയാവധം നടത്തി സംസ്‌കരിക്കും. തിരുവല്ല തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറി, മൃഗസംരക്ഷണ ഓഫീസര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍, വെറ്റിനറി സര്‍ജന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പൊലീസ് മേധാവി, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, ഡിസ്ട്രിക്ട് ഫയര്‍ ആന്‍ഡ് റെസ്‌ക്യു എന്നിവരടങ്ങിയ ദ്രുതകര്‍മ്മ സേന രൂപീകരിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളായ നെടുമ്പ്രം, പെരിങ്ങര എന്നിവിടങ്ങളിലായി 925 വളര്‍ത്തുപക്ഷികളാണ് ആകെയുള്ളത്. മൃഗസംരക്ഷണ വകുപ്പ് മുഖേന നഷ്ടപ്പരിഹാരത്തുക കര്‍ഷകര്‍ക്ക് അനുവദിക്കാനും ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.