ഫിഷറീസ് വകുപ്പ് മുഖേന തീരദേശ ജില്ലകളിൽ നടപ്പിലാക്കുന്ന തീരോന്നതി പദ്ധതിയുടെ ഭാഗമായി പെരിഞ്ഞനം എസ്എൻ സ്മാരക യു പി സ്കൂളിൽ തീരദേശ നിവാസികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ പെടുന്ന 7 പഞ്ചായത്തുകളിലെ മത്സ്യ ത്തൊഴിലാളികൾക്കും തീരദേശ നിവാസികൾക്കുമായാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
പഞ്ചായത്ത്, ആരോഗ്യം, കുടുംബശ്രീ, അങ്കണവാടി പ്രവർത്തകർ, ആശാവർക്കർമാർ, തീരമൈത്രി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്രണ്ട് ഡോ. സാനുവിന്റെ നേതൃത്വത്തിൽ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള വിദഗ്ധരായ ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റുകൾ ക്യാമ്പിൽ രോഗ പരിശോധനകൾ നടത്തി മരുന്നുകളും ആരോഗ്യ പരിപാലനത്തിന് വേണ്ട നിർദ്ദേശങ്ങളും നൽകി. ജനറൽ മെഡിസിൻ, ഇ എൻ ടി, ശിശുരോഗം ഗൈനക്കോളജി, ത്വക്ക് രോഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 7 ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തിയ ക്യാമ്പിൽ 320 ഓളം പേർ പങ്കെടുത്തു. ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, മലേറിയ രോഗ നിർണയം എന്നിവ സൗജന്യമായി ചെയ്തു നൽകി. രാവിലെ 8 മണി മുതൽ ഒരു മണി വരെയായിരുന്നു മെഡിക്കൽ ക്യാമ്പ്.
പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന സമിതി അധ്യക്ഷ കെ എസ് ജയ വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ കെ ബേബി, ഷീല, വാർഡ് മെമ്പർമാർ സ്കൂൾ അധികൃതർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ,ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, അങ്കണവാടി പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, സാഫ് തീരമൈത്രി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ ടി അനിതയുടെ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പിന് വേണ്ട സജ്ജീകരണങ്ങൾ ചെയ്തു.