കൃഷിയിട സന്ദർശനത്തിന് ക്ഷീര വകുപ്പ് മന്ത്രി

ക്ഷീര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ക്ഷീര വികസന വകുപ്പ് സംഘടിപ്പിക്കുന്ന 2022-23 സംസ്ഥാന ക്ഷീര കർഷക സംഗമം ഫെബ്രുവരി 13ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 10 മുതൽ 16 വരെ മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റി ക്ഷീര കർഷക സംഗമത്തിന് വേദിയാകും.

ഫെബ്രുവരി 10ന് മാടക്കത്തറ, താന്ന്യം ഗ്രാമപഞ്ചായത്തുകളിലെ ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യും. 160 സ്റ്റാളുകളോടെ സജ്ജമാക്കിയ എക്സ്പോ 11ന് ഉദ്ഘാടനം ചെയ്യും. ടെക്നിക്കൽ സെഷൻ, വനിത സംരംഭകത്വ ശില്പശാല, ജീവനക്കാർക്കുള്ള ശില്പശാല, മുഖാമുഖം, കലാസന്ധ്യ എന്നീ പരിപാടികളോടെ സംഗമം 16ന് വൈകീട്ട് സമാപിക്കും.

ക്ഷീരസംഗമത്തിന്റെ ഭാഗമായി ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നേത്യത്വത്തിൽ ക്ഷീര കർഷകരുടെ ഫാമുകൾ സന്ദർശിക്കും. ഒല്ലൂക്കര, മാടക്കത്തറ, പാണഞ്ചേരി, പുത്തൂർ, നടത്തറ, വിൽവട്ടം, തൃശൂർ കോർപ്പറേഷൻ പരിധിയിൽ വരുന്ന തെരഞ്ഞെടുക്കുന്ന ക്ഷീര കർഷകരുടെ ഫാമുകൾ, സൊസൈറ്റി, പാൽ മൂല്യവർദ്ധിത ഉൽപ്പാദന യൂണിറ്റ്, യുവ ക്ഷീരകർഷന്റെ ഫാം, ഡയറി ഫാം തുടങ്ങിയ ഇടങ്ങളിൽ മന്ത്രി സന്ദർശനം നടത്തും.

ക്ഷീരവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥന്മാർ, വെറ്ററിനറി സർവകലാശാലയിലെ വിദഗ്ധർ , മൃഗസംരക്ഷണ വകുപ്പ് ,ക്ഷീര വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മന്ത്രിയോടൊപ്പം കൃഷിയിടങ്ങളിൽ സന്ദർശനം നടത്തും. കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, ക്ഷീരകൃഷി അനുഭവങ്ങൾ, പുതിയ നിർദ്ദേശങ്ങൾ എന്നിവ കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് മന്ത്രി മനസിലാക്കും.

സംസ്ഥാന ക്ഷീര സംഗമത്തിന്റെ ഭാഗമായി റവന്യൂമന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ വിവിധ സബ് കമ്മിറ്റികളുടെ യോഗം ചേർന്നു. ജില്ലയിൽ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ പേരെയും ക്ഷീര സംഗമത്തിന്റെ ഭാഗമാക്കുമെന്ന് മന്ത്രി പറഞ്ഞു. യോഗത്തിൽ കമ്മിറ്റികളുടെ ക്രോഡീകരണവും ബജറ്റ് അവതരണവും ക്ഷീര സംഗമത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ ലഘുവിവരണവും നടന്നു.

മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സ്റ്റി ക്യാമ്പസിലെ അലുമിനി ഹാളിൽ നടന്ന യോഗത്തിൽ മേയർ എം കെ വർഗീസ്, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി ,ജോയിൻ ഡയറക്ടർ സുജയ് കുമാർ, kvASU രജിസ്ട്രാർ ഡോ.പി സുധീർ , ERCMPU ചെയർമാൻ എം ടി ജയൻ , കേരളഫീഡ്സ് ചെയർമാൻ കെ എസ് ശ്രീകുമാർ , ഫിനാൻസ് കമ്മിറ്റി ചെയർമാൻ വർഗ്ഗീസ് കണ്ടംകുളത്തി , ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ , ക്ഷീരവകുപ്പ് ഉദ്യോഗസ്ഥർ , ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.