കുഷ്ഠരോഗ നിർമാർജനം ലക്ഷ്യമാക്കി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം 5.0 ഭവന സന്ദർശന പരിപാടിയുടെ അഞ്ചാംഘട്ടത്തിന് ജില്ലയിൽ തുടക്കമായി. രണ്ട് വയസ്സിനുമുകളിൽ പ്രായമുള്ള എല്ലാവരിലും പ്രാഥമിക ചർമ്മ പരിശോധന നടത്തി രോഗം നേരത്തെ കണ്ടെത്തി ചികിത്സ നൽകുന്നതാണ് പരിപാടി. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ 31ന് സമാപിക്കും.874 സൂപ്പർവൈസർമാരുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ പരിശീലനം സിദ്ധിച്ച 8740 സന്നദ്ധ പ്രവർത്തകർ 875570 വീടുകൾ ഈ കാലയളവിൽ സന്ദർശിക്കും. പരിശോധനയെ തുടർന്ന് രോഗനിർണയം നടത്തുന്നവർക്ക് പ്രാരംഭത്തിൽ തന്നെ ചികിത്സ നൽകാനാകും.
അശ്വമേധം കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സി സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഇന്ദുലാൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് മായ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നജീബ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ലെപ്രസി ഓഫീസർ ഡോ. കെ എൻ സതീഷ് സ്വാഗതവും ആലപ്പാട് സി എച്ച് സി സൂപ്രണ്ട് ഡോ. രാജഗോപാൽ നന്ദിയും പറഞ്ഞു.