നാദാപുരം പഞ്ചായത്ത് കക്കംവള്ളിയിലെ വ്യാപാര സ്ഥാപനത്തിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാരികൾക്ക് വേണ്ടി നടപ്പിലാക്കുന്ന സുരക്ഷാ സാക്ഷരത ക്യാമ്പയിന് തുടക്കമായി. പഞ്ചായത്ത്, പോലീസ്, ഫയർഫോഴ്സ്, കെഎസ്ഇബി എന്നീ വകുപ്പുകൾ സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.
ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഏരത്ത് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. നാദാപുരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഫായിസ് അലി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ,മെമ്പർ അബ്ബാസ് കണയ്ക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇ.സി നന്ദകുമാർ, ഷൈനീഷ് മൊകേരി, കെഎസ്ഇബി സബ് എഞ്ചിനീയർ കെ.വി ശ്രീലാൽ, ഹാരിസ് മാത്തോട്ടത്തിൽ, കെ സെയ്ത് ,റഹീം കോറോത്ത് എന്നിവർ സംസാരിച്ചു.
സ്വയം സുരക്ഷയും കെട്ടിടങ്ങളുടെ സുരക്ഷയും, ദുരന്തങ്ങൾ ഉണ്ടായാൽ ലഘൂകരണം സാധ്യമാക്കുന്ന എമർജൻസി റെസ്പോൺസ് ടീം, പാഴ് വസ്തുക്കളുടെ സംസ്കരണം, കെട്ടിടങ്ങളുടെയും വ്യക്തികളുടെയും സർക്കാർ ഇൻഷുറൻസ് സുരക്ഷ, പൊതുജനങ്ങളുടെ സുരക്ഷ എന്നീ വിഷയങ്ങളിൽ വിവിധ ഉദ്യോഗസ്ഥർ ക്ലാസ് എടുത്തു.