എൻ.ഐ.ടിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ തീരുമാനമായി. എൻ.ഐ.ടി ബോർഡ് ഓഫീസിൽ പി.ടി.എ റഹീം എം.എൽ.എ യുടെ നേതൃത്വത്തിൽ എൻ.ഐ.ടിയിലേയും വിവിധ വകുപ്പുകളിലേയും ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ധാരണയായത്.
മാവൂർ എൻ.ഐ.ടി കൊടുവള്ളി റോഡ്, ആർ.ഇ.സി മലയമ്മ കൂടത്തായി റോഡ്, എൻ.ഐ.ടി വെങ്ങേരിമഠം ചെട്ടിക്കടവ് റോഡ്, എൻ.ഐ.ടി റിംഗ് റോഡ്, എൻ.ഐ.ടി സബ്സ്റ്റേഷൻ, കുളിമാട് എൻ.ഐ.ടി പൈപ്പ് ലൈൻ സ്ഥാപിക്കൽ, എൻ.ഐ.ടി അണ്ടർ പാസ്സ് തുടങ്ങിയ പ്രവൃത്തികൾ നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്യുന്നതിന് തീരുമാനിച്ചു. പ്രവൃത്തികൾ നടത്തുന്നതിൽ കാലതാമസം ഒഴിവാക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചു. ട്രാഫിക് തടസ്സത്തിന് ഇടയാക്കുന്ന കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും എൻ.ഐ.ടി ക്യാമ്പസിലെ പന്നി ശല്യം ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കാനും പുതുതായി സ്ഥാപിക്കുന്ന സബ് സ്റ്റേഷനിൽ നിന്നുള്ള രണ്ട് ഫീഡറുകൾ കെ.എസ്.ഇ.ബി കൊടുവള്ളി സെക്ഷൻ പരിധിയിലേക്ക് നീട്ടുന്നതിനും തീരുമാനിച്ചു.
പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. എൻ.ഐ.ടി ഡയറക്ടർ പ്രസാദ് കൃഷ്ണ, ഡെപ്യൂട്ടി ഡയറക്ടർ പി.എസ് സതീദേവി, ഡീൻ എം.എ നസീർ, അസോസിയേറ്റ് ഡീൻമാരായ ഡി സതീഷ് കുമാർ, ടി.എസ് അനന്ത സിംഗ്, ഇലക്ട്രിക്കൽ വിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടോമിൻ സണ്ണി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.