സംസ്ഥാനത്തെ ആദ്യത്തെ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (എൽ.സി.എൻ.ജി) സ്റ്റേഷനുകൾ തിരുവനന്തപുരത്തെ കൊച്ചുവേളിയിലും ആലപ്പുഴയിലെ ചേർത്തലയിലും ജനുവരി 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ ഭാഗമായുള്ള എൽ.സി.എൻ.ജി സ്റ്റേഷനുകൾ വഴി 30,000 വീടുകളിലേക്കും 150 ഓളം വ്യവസായ, വാണിജ്യ യൂണിറ്റുകളിലേക്കും ദ്രവീകൃത ഇന്ധനം പൈപ്പ്ലൈൻ ശ്യംഖലയിലൂടെ എത്തിക്കാൻ സാധിക്കും. നിലവിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ള 32 സി.എൻ.ജി സ്റ്റേഷനുകളുടെ ശേഷി ഉൾപ്പെടെയാണിത്.

ഈ മൂന്ന് ജില്ലകളിലേയും സി.എൻ.ജി സ്റ്റേഷനുകൾ മുഖേന ദിവസം 5000 വാഹനങ്ങൾക്ക് ഇന്ധനം ലഭ്യമാകുന്നുണ്ട്. ഇതാണ് ഇപ്പോൾ എൽ.സി.എൻ.ജി സ്റ്റേഷനുകൾ കമ്മീഷൻ ചെയ്യുന്നതിലൂടെ വ്യാപിപ്പിക്കുന്നത്. ഓൺലൈൻ വഴി ഉച്ചയ്ക്ക് 12. 30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് മുഖ്യാതിഥിയാവും.  എ.ജി.പി സിറ്റി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നത്.