ജില്ലയിലെ വന്യമൃഗശല്യം തടയുന്നതിന് നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ആവശ്യപ്പെട്ടു. വന്യജീവി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ബന്ധപ്പെട്ട വകുപ്പ്തല ഉദ്യോഗസ്ഥര്‍, ആര്‍.ആര്‍.ടി അംഗങ്ങളെ ഉള്‍പ്പെടുത്തി ശില്‍പശാല സംഘടിപ്പിക്കണം. ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആസൂത്രണ സമിതി ചെയര്‍മാനുമായ സംഷാദ് മരക്കാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. കുപ്പാടിത്തറയിലിറങ്ങിയ കടുവയെയും ബത്തേരിയില്‍ ഇറങ്ങിയ ആനയെയും പിടിച്ച ആര്‍.ആര്‍.ടി സംഘത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും ജില്ലാ ആസൂത്രണ സമിതി അഭിനന്ദിച്ചു.
ഗോത്ര സാരഥി പദ്ധതിയില്‍ പട്ടികവര്‍ഗ്ഗ വകുപ്പില്‍നിന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക ഉടന്‍ ലഭ്യമാക്കണമെന്നും ആസൂത്രണ സമിതി യോഗം നിര്‍ദ്ദേശിച്ചു. 2022-23 വാര്‍ഷിക പദ്ധതി പുരോഗതി യോഗം വിലയിരുത്തി. വികസന ഫണ്ട് വിനിമയോഗത്തില്‍ സംസ്ഥാന തലത്തില്‍ ജില്ല നാലാം സ്ഥാനത്താണ്. 39 ശതമാനം ഫണ്ട് വിനിയോഗിച്ചു. വികസന ഫണ്ട് വിനിയോഗത്തില്‍ നഗരസഭാ തലത്തില്‍ സുല്‍ത്താന്‍ ബത്തേരിയും ബ്ലോക്ക് തലത്തില്‍ മാനന്തവാടിയും ഗ്രാമ പഞ്ചായത്ത് തലത്തില്‍ പുല്‍പ്പള്ളിയുമാണ് ഒന്നാം സ്ഥാനത്ത്.
വാര്‍ഷിക പദ്ധതി മുന്‍ഗണനാ പ്രോജക്ടുകളുടെ അവലോകനത്തില്‍ എബിസിഡി പ്രോഗ്രാം മികച്ച രീതിയില്‍ നടപ്പിലാക്കിയതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആസൂത്രണ സമിതി അനുമോദിച്ചു. ഭിന്നശേഷി കലോത്സവം, അങ്കണവാടി കലോത്സവം, യൂത്ത് ക്ലബ് ഏകോപന സമിതി, സമഗ്ര കോളനി വികസനം, സ്പീച്ച് ആന്റ് ഒക്യുപേഷണല്‍ തെറാപ്പി തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി. 2022-23 വാര്‍ഷിക പദ്ധതി ഭേദഗതി വരുത്തിയ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ ആസൂത്രണ സമിതി അംഗീകാരം നല്‍കി.
എറണാകുളത്ത് ഫെബ്രുവരി 5 ന് നടക്കുന്ന ശുചിത്വ കോണ്‍ക്ലേവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കണം. ഫെബ്രുവരി 16 ന് തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ തലത്തില്‍ സെമിനാര്‍ നടത്തണം. പാലക്കാട് നടക്കുന്ന സംസ്ഥാന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തല്‍ ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
സംസ്ഥാനത്തെ മികച്ച മുനിസിപ്പല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത കല്‍പ്പറ്റ മുനിസിപ്പല്‍ സെക്രട്ടറി എന്‍.കെ. അലി അസ്ഹറെ ജില്ലാ ആസൂത്രണ സമിതി ആദരിച്ചു. ശുചിത്വമിഷനില്‍ നിന്നും വിരമിക്കുന്ന ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ. ശ്രീലതയ്ക്ക് ജില്ലാ ആസൂത്രണ സമിതി യാത്രയയപ്പ് നല്‍കി.
ജില്ലാ കളക്ടര്‍ എ. ഗീത, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ.എന്‍ പ്രഭാകരന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.