*ചിത്രമെടുത്ത് സമ്മാനം നേടാം

കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഒരുക്കിയ സ്റ്റാൾ ജനശ്രദ്ധയാകർഷിക്കുന്നു. ജില്ലയിലെ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ ഫോട്ടോകളും ഇടുക്കിയിലെ ടൂറിസം മേഖലകളിലെ കൗതുക കാഴ്ചകളും ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജില്ലയുടെ അൻപതാം വാർഷിക വേളയിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനം ജില്ല കൈവരിച്ച നേട്ടങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ്.

ഇടുക്കി ഡാമിന്റെ നിർമ്മാണം, ഡാം നിർമ്മാണത്തിന് മുൻപുള്ള കുറവൻ കുറത്തി മലനിരകൾ, അണക്കെട്ട് നിർമ്മാണത്തിന് വഴിതെളിച്ച ആദിവാസി പൂർവികൻ ചെമ്പൻ കൊലുമ്പന്റെ ചിത്രം എന്നിവ പുതു തലമുറ കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നുണ്ട്. കൂടാതെ സംസ്ഥാന സർക്കാർ നടത്തിയ പട്ടയമേള, ക്ഷേമ പെൻഷൻ വിതരണ ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരണങ്ങളായ ജനപഥം, കേരള കാളിംഗ്, ലഘുലേഖകൾ, ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവിധ കൈപ്പുസ്തകങ്ങൾ എന്നിവയുടെ സൗജന്യ വിതരണവും ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ സ്റ്റാൾ മുഖേന നടത്തുന്നുണ്ട്. ജില്ലയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ ഡോക്യുമെന്ററികളുടെ പ്രദർശനവും സ്റ്റാളിൽ ഒരുത്തിയിട്ടുണ്ട്.

ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങൾ കാണുന്നതിനോടൊപ്പം ചിത്രങ്ങളെടുക്കാനും മത്സരത്തിൽ പങ്കെടുത്ത് സമ്മാനം നേടാനും കൂടി സ്റ്റാളിൽ അവസരമൊരുക്കിയിട്ടുണ്ട്. ‘ഇടുക്കി എന്റെ അഭിമാനം’ ഫോട്ടോബൂത്തില്‍ നിന്ന് ചിത്രങ്ങളെടുത്ത് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഫേസ്ബുക്ക്‌ പേജിലെ പോസ്റ്റിന് താഴെ കമന്റായി നല്‍കാം. ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിക്കുന്ന മികച്ച ചിത്രത്തിന് സമ്മാനം ലഭിക്കും. ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ യഥാക്രമം 1500, 1000, 500 എന്നിങ്ങനെയാണ് സമ്മാനം . ജനുവരി 31 നകം ആദ്യം 15 കെ ലൈക്കുകള്‍ നേടുന്നയാള്‍ക്ക് ബമ്പര്‍ സമ്മാനവും നല്‍കും.