ആലപ്പുഴ: കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതിനായി പാടശേഖരങ്ങളിലെ റിപ്പയർ ചെയ്ത പമ്പുകൾ പ്രവർത്തിച്ചു തുടങ്ങിയതായി കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. തിങ്കളാഴ്ച രാത്രി തന്നെ 25ന് മുകളിൽ റിപ്പയർ ചെയ്ത മോട്ടോറുകൾ പ്രവർത്തിച്ചതായും അദ്ദേഹം പറഞ്ഞു. കൂടുതൽ പമ്പുകൾ അടുത്തദിവസങ്ങളിൽ പ്രവർത്തനക്ഷമമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട.് കുട്ടനാട്ടിലെ ആവശ്യത്തിനായി തയ്യാറാക്കിയ ഇരുപതോളം പമ്പുകളുടെ ഫ്ലാഗ് ഓഫും മന്ത്രി ആലപ്പുഴയിൽ നിർവഹിച്ചു. വിദേശത്തുനിന്ന് കൊണ്ടുവന്ന ഉയർന്ന ശേഷിയുള്ള 12 പമ്പുകളും കിർലോസ്‌കർ കമ്പനിയുടെ എട്ടുപമ്പുകളുമാണ് മന്ത്രി ഫ്ലാഗ് ഓഫ് ചെയതത്. പമ്പിങ് രംഗത്ത് പ്രവർത്തിക്കുന്ന സൈലം കമ്പനിയുടെ സ്പോൺസർഷിപ്പിലൂടെ ലഭിച്ചതാണ് 12 പമ്പുകൾ. രണ്ടു ബാർജുകളിലായാണ് പമ്പുകൾ സ്ഥാപിച്ചത്. ഒരു ബാർജിൽ ആറും മറ്റൊരു ബാർജ്ജിൽ അഞ്ചും പമ്പുകൾ സ്ഥാപിച്ചു. ഒരു പമ്പ് ആലപ്പുഴ നഗരസഭയിലെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് വെള്ളം പമ്പുചെയ്യുന്നതിനായി വിനിയോഗിക്കും. 57 മുതൽ 75 കുതിരശക്തി ശക്തിയുള്ള പമ്പുകളാണ് 12 എണ്ണം. ആദ്യഘട്ടത്തിൽ പരുത്തിവളവിലും വടക്കേപാവക്കാട് പാടത്തുമാണ് ഇവ ഉപയോഗിക്കുക. എസി റോഡിലെ വെള്ളം വറ്റിക്കഴിഞ്ഞാൽ അവിടെയുള്ള ഉയർന്ന ക്ഷമതയുള്ള കിർലോസ്‌കർ പമ്പുകളും കുട്ടനാട്ടിലെ മാറ്റു ഭാഗങ്ങളിൽ ഉപയോഗിക്കും. റിപ്പയർ ചെയ്ത് പമ്പുകളും 20 പുതിയ പമ്പുകളും പ്രവർത്തിച്ചു തുടങ്ങുന്നതോടെ വളരെ വേഗം വെള്ളം വറ്റിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആവശ്യമായ ഇടങ്ങളിൽ തൂമ്പ് തുറന്നു നൽകാൻ നിർദേശിച്ചിട്ടുണ്ട്. ഇത് രാത്രിയിൽ തിരിച്ചുകയറാതിരിക്കാൻ അടയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ തൂമ്പ് ചിലർ മത്സ്യബന്ധനത്തിനായി തുറക്കുന്നതായി ശ്രദ്ധയിൽപ്പെട്ടി ട്ടുണ്ട്. ഇത്തരക്കാരെ അറസ്റ്റ് ചെയ്യാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബണ്ട് തുറക്കേണ്ട ഇടങ്ങളിൽ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. വറ്റിക്കുന്നതിനായി പുറത്തുനിന്ന് വാങ്ങിയ പമ്പുകൾ സജ്ജീകരിക്കുന്ന ചുമതല മുഴുവനും നിർവഹിക്കുന്നത് ഇറിഗേഷൻ വകുപ്പാണ്. ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ഹരൻബാബു പമ്പിങ്ങിന് നേതൃത്വം നൽകുന്നു. ഫ്ലാഗ് ഓഫിന് ജില്ലാ കളക്ടർ എസ്.സുഹാസ്, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ ബീനാനടേശൻ എന്നിവർ പങ്കെടുത്തു. തുടർന്ന് മന്ത്രി കുട്ടനാടിൻരെ വിവിധ മേഖലകൾ സന്ദർശിച്ചു.