എല്ലാവർക്കും സ്വന്തം വീട് എന്ന ലക്ഷ്യത്തോടെ കേരളം നടപ്പാക്കുന്ന ലൈഫ് പദ്ധതി ഈ ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ സ്വപ്‌നങ്ങൾക്കു കരുത്തുപകരുന്നതാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൃഷി, പരിസ്ഥിതി, ഭവന നിർമാണം, ആരോഗ്യം,വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് ഊന്നൽ നൽകി നവകേരള സൃഷ്ടിയെന്ന കാഴ്ചപ്പാടോടെയാണു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ അഭിവാദ്യം സ്വീകരിച്ചു.
ലൈഫ് പദ്ധതിക്കു കീഴിൽ 3.2ലക്ഷം വീടുകൾ പൂർത്തീകരിക്കാൻ കേരളത്തിനു കഴിഞ്ഞതായി ഗവർണർ ചൂണ്ടിക്കാട്ടി. 2022ലെ ഗ്ലോബൽ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം റിപ്പോർട്ടിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ ഏഷ്യയിലെ മുൻനിര പ്രകടനക്കാരായി അംഗീകരിക്കപ്പെട്ടത് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റമായി വളരാനുള്ള ഇന്ത്യയുടെ മുന്നേറ്റത്തിനു പ്രേരകശക്തിയാണ്. നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്.2022ലെ ഇന്ത്യാ സ്‌കിൽസ് റിപ്പോർട്ട് പ്രകാരം യുവാക്കളുടെ തൊഴിൽ ലഭ്യതയിൽ കേരളം മൂന്നാം സ്ഥാനത്താണ്. ആർദ്രം പദ്ധതിയിലൂടെ താഴേത്തട്ടു മുതൽ മെഡിക്കൽ കോളജുകളിൽ വരെ ആരോഗ്യ സൗകര്യങ്ങൾ പുനഃക്രമീകരിക്കുകയും ഗുണനിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. ഇത് ആരോഗ്യ മേഖലയിലെ ദേശീയലക്ഷ്യങ്ങൾക്കനുസൃതമായ പ്രവർത്തനമാണ്.
കേരളം പ്രഖ്യാപിച്ച സംരംഭക വർഷം പദ്ധതി മുഖേന 1.23 ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതുവഴി 7,517 കോടി രൂപയുടെ നിക്ഷേപവും 2.67 ലക്ഷം തൊഴിവസര സൃഷിയും സാധ്യമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമിങ് ഇൻഡക്‌സിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയതും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ പുരോഗതിയും വികേന്ദ്രീകൃതാസൂത്രണത്തിലെ ഏകോപനവും ഏറെ പ്രശംസ നേടി. മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യത്തിനു പുറത്തേക്കും ഉന്നതവിദ്യാഭ്യാസത്തിനായുള്ള വിദ്യാർഥികളുടെ ഒഴുക്ക് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്. കേരളത്തിന്റെ ഉയർന്ന ബൗദ്ധിക സാങ്കേതിക നിലവാരത്തിലൂടെ ഇതു നേടിയെടുക്കാൻ കഴിയും. തിരിച്ചറിയൽ രേഖകളുമായി ആധാർ ബന്ധിപ്പിക്കുന്നത് 100ശതമാനവും പൂർത്തിയാക്കാൻ കഴിഞ്ഞതും പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ള യുവാക്കൾക്കു പരിശീലനം നൽകുന്നതും ജൽജീവൻ മിഷനു കീഴിൽ 15 ലക്ഷം ഗ്രാമീണ കുടിവെള്ള കണക്ഷനുകൾ നൽകാൻ കഴിഞ്ഞതും പ്രാദേശിക സാമ്പത്തിക നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഉത്തവാദിത്ത ടൂറിസം മിഷനും പുരോഗതിയിലേക്കുള്ള കേരളത്തിന്റെ ശ്രമങ്ങളിൽ ശ്രദ്ധേയമായ ഘടകങ്ങളാണ്.
ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷൻ പ്രഖ്യാപനവും ലോകത്തെ മൂന്നാമത്തെ പുനരുപയോഗ ഊർജോത്പാദക രാജ്യമായുള്ള ഇന്ത്യയുടെ ഉയർച്ചയും ഇ-മൊബിലിറ്റി മേഖലയിലെ കുതിപ്പിനായുള്ള കേരളത്തിന്റെ പ്രതീക്ഷകൾക്കു കരുത്തുപകരുന്നതാണ്. വന്ദേഭാരത് ട്രെയിനുകൾ പോലെ ഗതാഗത മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളിലും കേരളത്തിനു വലിയ പ്രതീക്ഷയാണുള്ളത്. കാർഷിക മേഖലയിൽ രാജ്യത്തു നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ കൃഷിദർശൻ, മില്ലെറ്റ് വില്ലേജ്,ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ,കർഷകർക്ക് ഉയർന്ന വരുമാനം ഉറപ്പാക്കൽ, കാർഷിക മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കൽ എന്നീ ശ്രമങ്ങൾ കൂടുതൽ പ്രസക്തമാകുകയാണ്. സംയോജിത തദ്ദേശ സ്വയംഭരണ മാനേജ്‌മെന്റ് സിസ്റ്റം(ഐഎൽജിഎംഎസ്) വഴി ഗ്രാമ പഞ്ചായത്തുകളിൽ സേവനങ്ങൾ നൽകാനുള്ള കേരളത്തിന്റെ ശ്രമങ്ങളും അഭിനന്ദനീയമാണെന്നു ഗവർണർ പറഞ്ഞു.
2047-ൽ വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്കു രാജ്യം അതിവേഗം സഞ്ചരിക്കുകയാണ്. അതിജീവനത്തിനായുള്ള പോരാട്ടത്തിനു പകരം കാലാവസ്ഥാ വ്യതിയാനം,തീവ്രവാദം, പകർച്ചവ്യാധികൾ തടയൽ തുടങ്ങിയ ആഗോള പ്രശ്‌നങ്ങളെ നേരിടുന്നതിൽ ഐക്യത്തോടെ പ്രവർത്തിക്കുകയെന്ന മന്ത്രവുമായി ഇന്ത്യ ഇപ്പോൾ ലോകത്തെ നയിക്കുകയാണ്. സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെയും ആത്മനിർഭരത എന്ന ആശയത്തിലൂന്നിയുള്ള പ്രവർത്തനങ്ങളിലൂടെയും ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറാൻ രാജ്യത്തിനു കഴിഞ്ഞതായും ഗവർണർ ചൂണ്ടിക്കാട്ടി.