ചരിത്രമുറങ്ങുന്ന ആലപ്പുഴ കടപ്പുറത്ത് ലഹരിക്കെതിരെ ആയിരങ്ങള്‍ ആടിയും പാടിയും ഒത്തുചേര്‍ന്നു. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശം നല്‍കി വിമുക്തി മിഷന്റെയും എക്‌സൈസ് വകുപ്പിന്റെയും നേതൃത്വത്തില്‍ ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിച്ച ലഹരിയില്ലാത്തെരുവ് കാണികള്‍ക്ക് നവ്യാനുഭവമായി. എ.എം.ആരിഫ് എം.പി ലഹരിയില്ലാത്തെരുവിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരത്തിലെ വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കലാ സാംസ്‌കാരിക പ്രകടനങ്ങള്‍ അവതരിപ്പിച്ചു.

ബീച്ചിന് സമീപം നാല് വേദികളിലായാണ് കലാപരിപാടികള്‍ നടന്നത്. ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം നല്‍കാനായി സെന്റ് ജോസഫസ് വുമെന്‍സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരം ശ്രദ്ധേയമായി. വേദി നാലില്‍ നടന്ന നാടന്‍ പാട്ടിന്റെ ഓളത്തിന് ഒപ്പം കാണികള്‍ ചുവടു വെച്ചു. ലഹരിക്ക് അടിമയായ വ്യക്തികളുടെ ജീവിതം വരച്ചു കാട്ടിയ മുഹമ്മദന്‍സ് സ്‌കൂളിലെ എന്‍.എസ്.എസ് അംഗങ്ങള്‍, ചെപ്പടി വിദ്യകളിലൂടെ ലഹരിയുടെ ലോകത്തെ അപകടങ്ങളെ വരച്ചു കാട്ടിയ മാജിക് ഷോ എന്നിവ കാണികള്‍ക്ക് വേറിട്ട അനുഭവമായി.

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിയ്‌ക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം ഘട്ട ബോധവത്കരണ തീവ്ര യജ്ഞത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷ്ണര്‍ എന്‍.അശോക് കുമാര്‍, വിമുക്തി മിഷന്‍ മാനേജര്‍ സുരേഷ് വര്‍ഗീസ്, വിമുക്തി മിഷന്‍ ജനറല്‍ കണ്‍വീനര്‍ പി.ഡി.കലേഷ്, വിമുക്തി മിഷന്‍ കോര്‍ഡിനേറ്റര്‍ അഞ്ജു.എസ്. റാം എന്നിവര്‍ നേതൃത്വം നല്‍കി.