സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത് മാതൃകയായ ബദല്‍ നയങ്ങൾ
ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പല കോണുകളില്‍ നിന്നും ഉണ്ടാകുന്നതെന്നും അതിനെ ചെറുത്തു തോല്‍പ്പിക്കണമെന്നും ഫിഷറീസ്, സാംസ്‌കാരിക, യുവജനക്ഷേമ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഉന്നതമായ നമ്മുടെ ഭരണഘടനയുടെ കാവലാളായി ഓരോരുത്തരും മാറേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന 74-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യത്തിന്റെ മതേതരത്വം മറ്റ് രാജ്യങ്ങള്‍ക്കാകെ മാതൃകയാണ്. മതേതരത്വത്തിനെതിരേയുള്ള ഏത് വെല്ലുവിളിയും ചെറുത്തുതോല്‍പ്പിച്ചേ മതിയാകൂ. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ചകളുണ്ടായാല്‍ അത് രാജ്യത്തിന്റെ മുന്നോട്ടുള്ള ഗതിയ്ക്കുതന്നെ പ്രതിബന്ധമാകും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഭരണ സംവിധാനങ്ങള്‍ പരാജയപ്പെട്ടുകൂടാ. സൗഹാര്‍ദവും സാഹോദര്യവും സമാധാനവും ഐശ്വര്യപൂര്‍ണമായ ഭാരതമെന്ന സ്വപ്‌നം തകര്‍ക്കാനുള്ള ശ്രമം ഏതു ഭാഗത്തുനിന്നുണ്ടായാലും അതിനെ ചെറുക്കണം. ഗോപാലകൃഷ്ണ ഗോഖലെ പറഞ്ഞതുപോലെ ഹിന്ദുക്കളും മുഹമ്മദീയരും ക്രിസ്ത്യാനികളും ആണെന്നതിനപ്പുറം പ്രാഥമികമായ യാഥാര്‍ഥ്യം നമ്മള്‍ ഇന്ത്യക്കാരാണെന്നതാണ്. എന്നാല്‍ ഇന്ത്യക്കാര്‍ എന്ന വികാരത്തിനുമുകളില്‍ ജാതി, മത വര്‍ഗീയ വികാരങ്ങള്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് പല കോണുകളില്‍ നിന്നും നടക്കുന്നത്. ഇത്തരം നീക്കങ്ങളെ ഒന്നായി നിന്ന് പരാജയപ്പെടുത്തുന്നത് ഇന്ത്യ എന്ന രാഷ്ട്രത്തോടുള്ള നമ്മുടെ കൂറ് പുലര്‍ത്തല്‍ കൂടിയാണ്.ബഹുസ്വരതയാണ് നമ്മുടെ ജനാധിപത്യത്തിന്റെ മുഖമുദ്ര. സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരെ സാമൂഹിക മുന്നേറ്റത്തില്‍ പങ്കാളികളാക്കി മുഖ്യധാരയില്‍ എത്തിക്കാന്‍ നമുക്കിനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതായുണ്ട്. പരമാധികാര സോഷ്യലിസ്റ്റ്, മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കുമായി നമ്മള്‍ ഉറച്ചു നില്‍ക്കുമെന്ന് ഈ റിപ്പബ്ലിക് ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം- മന്ത്രി പറഞ്ഞു.