രാജ്യത്തിന്റെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തുന്ന ചെയ്തികൾക്കെതിരെ പോരാടണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി. ഒരു സോഷ്യലിസ്റ്റ് സമൂഹത്തെ വാർത്തെടുക്കുകയെന്ന ഭരണഘടനയുടെ ലക്ഷ്യം സാധ്യമാക്കാൻ ഓരോരുത്തരും പ്രവർത്തിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.  മലപ്പുറം എം.എസ്.പി ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അതീവ ദുർബല വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള വികസന അജണ്ടയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. ഈ വിഭാഗങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി കുടുംബശ്രീയുമായും തദ്ദേശ സർക്കാരുകളുമായും സഹകരിച്ച് സൂക്ഷ്മ പദ്ധതികൾ ആവിഷ്‌കരിച്ച് വരികയാണ്. എല്ലാവരെയും ഒരുപോലെ കാണാനും തുല്യനീതി ഉറപ്പാക്കാനുമുള്ള ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത പൂർണ്ണമായും ഉൾക്കൊണ്ടാണ് ഈ സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഒട്ടനവധി നേതാക്കൾ നടത്തിയ പോരാട്ടത്തിലൂടെ നേടിയതാണ് സ്വാതന്ത്യം. നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തുന്ന സംഭവങ്ങളാണ് രാജ്യമൊട്ടാകെ നടന്നു വരുന്നത്. ഒരു സോഷ്യലിസ്റ്റ് സമൂഹത്തിന്റെ നിർമ്മിതിയാണ് നാം ഭരണഘടനാ ലക്ഷ്യമായി വിഭാവനം ചെയ്തതെങ്കിലും അത് ഇനിയും സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ഹീനമായ ജാതി വ്യവസ്ഥ, സാമ്പത്തിക അസമത്വം, ദാരിദ്ര്യം , തൊഴിലില്ലായ്മ, കർഷക പ്രശ്‌നങ്ങൾ തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങൾ രാജ്യം നേരിടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഗൾഫ് നാടുകളിലെ സ്വദേശിവൽക്കരണവും തൊഴിൽ പ്രതിസന്ധികളും കാരണം പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകുന്നത് കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വൻ തിരിച്ചടിയ്ക്ക് കാരണമാകും. തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനും അവർക്ക് വേണ്ട പദ്ധതികൾ ആവിഷ്‌കരിക്കാനും സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു വരികയാണ്. കേരളത്തിന്റെ ആരോഗ്യ സംരക്ഷണ രീതി അഭിമാന പുരസ്സരം ലോകത്തിന് കാണിച്ചു കൊടുത്ത ജില്ലയാണ് മലപ്പുറം. മെഡിക്കൽ ടൂറിസം മേഖലയിലും മികച്ച വളർച്ച കൈവരിക്കാൻ ജില്ലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ ലോകോത്തരമാക്കാൻ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ് ഈ സർക്കാർ. 2050 ഓടുകൂടി കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാൽക്കരിക്കാൻ, രാജ്യത്തിനാകെ മാതൃകയായിക്കൊണ്ട് പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള പ്രയത്‌നത്തിലാണ് സംസ്ഥാനം. സംസ്ഥാന വൈദ്യുതി ബോർഡിനെ ഒറ്റക്കെട്ടായി പൊതുമേഖലയിൽ നിലനിർത്തിക്കൊണ്ട് രാജ്യത്തിനാകെ മാതൃകയാകുന്ന പ്രവർത്തനം കാഴ്ചവെയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ആരും ആക്രമിക്കപ്പെടാനോ മാറ്റിനിർത്തപ്പെടാനോ പാടില്ലെന്ന കാര്യത്തിൽ സർക്കാരിന് നിർബന്ധമുണ്ടെന്നും മന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.

സിവിൽ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തിൽ മന്ത്രി പുഷ്പ ചക്രം അർപ്പിച്ചതോടെയാണ് ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. എം.എസ്.പി അസി. കമാൻഡന്റ് പി.എ കുഞ്ഞുമോൻ പരേഡ് നയിച്ചു. ആംഡ് പൊലീസ് ഇൻസ്‌പെക്ടർ പി. ബാബു സെക്കൻഡ് ഇൻ കമാൻഡറായി. എം.എസ്.പി, പ്രാദേശിക പൊലീസ്, സായുധ റിസർവ് പൊലീസ്, എക്‌സൈസ്, വനിതാ പൊലീസ്, ഫോറസ്റ്റ്, ഫയൽ ഫോഴ്‌സ്, എൻ.സി.സി, എസ്.പി.സി, സ്‌കൗട്ട്സ്, ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് വിഭാഗങ്ങളിലായി 32 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.

പരേഡിന് മുന്നോടിയായി നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നും നിലമ്പൂർ ഐ.ജി.എം.എം.ആർ സ്‌കൂളിൽ നിന്നുമുള്ള കുട്ടികൾ പങ്കെടുത്ത പ്രഭാതഭേരിയും നടന്നു. മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച് എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ സമാപിച്ചു. പ്രഭാത ഭേരിയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ സ്‌കൂളായി മലപ്പുറം സെന്റ് ജമ്മാസ് എച്ച്.എസ്.എസിനെ തെരഞ്ഞെടുത്തു.

യു.പി വിഭാഗത്തിൽ എ.യു.പി.എസ് മലപ്പുറം, എ.എം.യു.പി മുണ്ടുപറമ്പ് എന്നീ സ്‌കൂളുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഹൈസ്‌കൂൾ ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം ബോയ്‌സ് എച്ച്.എസ്.എസും എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്‌കൂളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഹൈസ്‌കൂൾ പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിനാണ് ഒന്നാം സ്ഥാനം. ഗവ. ഗേൾസ് എച്ച്.എസ്.എസ് മലപ്പുറം രണ്ടാം സ്ഥാനവും നേടി. ബാന്റ് ഡിസ്പ്ലേയിൽ സെന്റ് ജമ്മാസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും വാറങ്കോട് ഇസ്ലാഹിയ ഹൈസ്‌കൂൾ രണ്ടാം സ്ഥാനവും നേടി.

മാർച്ച് പാസ്റ്റിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരെ ചുവടെ കൊടുക്കുന്നു.സായുധ സേനാ വിഭാഗം: മലബാർ സ്പെഷ്യൽ പൊലീസ് മലപ്പുറം, വനിതാ പൊലീസ് ബറ്റാലിയൻ, ഡി.എച്ച്.ക്യു മലപ്പുറം.നിരായുധ സേനാ വിഭാഗം: ഫോറസ്റ്റ്, ഫയർ ആന്റ് റസ്‌ക്യു ഫോഴ്സ്.സീനിയർ എൻ.സി.സി വിഭാഗം: പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി., എൻ.എസ്.എസ് കോളേജ് മഞ്ചേരി.ജൂനിയർ എൻ.സി.സി വിഭാഗം: എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം, ഗവ. ബോയ്സ് എച്ച്.എസ്.എസ് മലപ്പുറം.എസ്.പി.സി ബോയ്സ് : എം.എസ്.പി. ഇംഗ്ലീഷ് മീഡിയം എച്ച്.എസ് മലപ്പുറം, എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം.എസ്.പി.സി ഗേൾസ്: ഐ.ജി.എം.എം.ആർ.എസ് നിലമ്പൂർ, എം.എസ്.പി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ മലപ്പുറം.സീനിയർ സ്‌കൗട്ട്സ്: എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം, എം.എം.ഇ.ടി ഹൈസ്‌കൂൾ മേൽമുറി.സീനിയർ ഗൈഡ്സ്: ഗവ. ഗേൾസ് എച്ച്.എസ്.എസ് മലപ്പുറം, എം.എം.ഇ.ടി എച്ച്.എസ്.എസ് മേൽമുറി.ജൂനിയർ ഗൈഡ്സ്: എ.യു.പി സ്‌കൂൾ മലപ്പുറം, എ.എം.യു.പി സ്‌കൂൾ മുണ്ടുപറമ്പ്ജൂനിയർ റെഡ്ക്രോസ് ബോയ്സ്: എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം.ജൂനിയർ റെഡ്ക്രോസ് ഗേൾസ്: എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം, സെന്റ് ജമ്മാസ് ഗേൾസ് എച്ച്.എസ്.എസ് മലപ്പുറം.

വ്യാപാര വാണിജ്യ സ്ഥാപന അലങ്കാര വിജയികളായി മലബാർ ലൈറ്റ് ആന്റ് സൗണ്ട്സ് മലപ്പുറം ഒന്നാം സ്ഥാനവും ഗൾഫ് കളക്ഷൻസ് കോട്ടപ്പടി രണ്ടാം സ്ഥാനവും നേടി.ജേതാക്കൾക്കുള്ള സമ്മാനങ്ങളും പരേഡിൽ ബാന്റ് സംഘത്തെ നയിച്ച സെന്റ് ജമ്മാസ് എച്ച്.എസ്.എസ് മലപ്പുറം, എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം എന്നിവയക്ക് പ്രത്യേക പുരസ്‌കാരവും ചടങ്ങിൽ വെച്ച് മന്ത്രി കെ കൃഷ്ണൻ കുട്ടി നൽകി. പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌കാർ 2022 ൽ കലാസാംസ്‌കാരിക വിഭാഗത്തിൽ ജേതാവായ പുത്തനങ്ങാടി സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാർഥി ദേവീപ്രസാദിനെയും ചടങ്ങിൽ അനുമോദിച്ചു.