ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവര്‍ പൗരന്മാരാണെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. ദേശീയ വോട്ടേഴ്‌സ് ദിനാചരണം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ജനാധിപത്യ വ്യവസ്ഥയില്‍ ഉദ്യോഗസ്ഥരെക്കാളും പ്രാധാന്യമര്‍ഹിക്കുന്നത് പൗരന്മാരാണ്. വോട്ട് ചെയ്ത ശേഷം വോട്ട് ചെയ്ത വ്യക്തി അവരുടെ ജോലി, ഉത്തരവാദിത്തങ്ങള്‍, ശരിയായി വിനിയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിവുള്ള പുതിയ തലമുറ സമ്മതിദാനാവകാശം നല്ല രീതിയില്‍ ഉപയോഗിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
17 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാമെന്നും ഇലക്ഷന്‍ ഐഡിയും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ വോട്ടേഴ്‌സ് ഹെല്‍പ്പ് ലൈന്‍ ആപ്പ് യുവ തലമുറ ഉപയോഗപ്പെടുത്തണമെന്നും പരിപാടിയില്‍ മുഖ്യാതിഥിയായ കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് ശ്രീശങ്കര്‍ മുരളി പറഞ്ഞു. പരിപാടിയില്‍ എ.ഡി.എം കെ. മണികണ്ഠന്‍ അധ്യക്ഷനായി. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശ്രീശങ്കര്‍ മുരളിക്ക് നല്‍കി നിര്‍വഹിച്ചു.
കേരളത്തിലെ ഏറ്റവും മികച്ച ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബായ അഗളി ജി.വി.എച്ച്.എസ് സ്‌കൂളിനെ ജില്ലയിലെ ഏറ്റവും മികച്ച ഇലക്ഷന്‍ ക്ലബ്ബായി തെരഞ്ഞെടുത്തു. മികച്ച പ്രകടനം കാഴ്ചവച്ച ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബായി വാണിയംകുളം ടി.ആര്‍.കെ സ്‌കൂളിനയും വടക്കഞ്ചേരി കോളെജ് ഓഫ് അപ്ലൈഡ് സയന്‍സിനെയും തെരഞ്ഞെടുത്തു. പരിപാടിയില്‍ ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) കെ. മധു, ജില്ലാ തെരഞ്ഞെടുപ്പ് അസിസ്റ്റന്റ് ടോംസ്, ജി.വി.എച്ച്.എസ്.എസ് അഗളി സ്‌കൂള്‍ അധ്യാപകന്‍ ടി. സത്യന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.