ആലപ്പുഴ : രാവിലെ 8.40 തോടെ പൊലീസ് അകമ്പടിയോടെ മൈതാനിയില്‍ എത്തിയ മന്ത്രി സജി ചെറിയാനെ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയും ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പ്രത്യേക വേദിയില്‍ രാവിലെ ഒമ്പത് മണിക്ക് മന്ത്രി ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് തുറന്ന ജീപ്പില്‍ സഞ്ചരിച്ച് അദ്ദേഹം പരേഡ് പരിശോധിച്ചു. ചേര്‍ത്തല എസ്.എച്ച്.ഒ. വിനോദ് കുമാര്‍ പരേഡിന് നേതൃത്വം നല്‍കി. സായുധ സേന, ലോക്കല്‍-വനിത പോലിസ്, എക്സൈസ് എന്നിവയ്ക്കുപുറമേ ജില്ലയിലെ വിവിധ സ്‌കൂള്‍-കോളേജുകളിലെ എന്‍.സി.സി, സ്റ്റുഡന്റ്സ് പോലിസ്, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, കബ്‌സ്, ബുള്‍ ബുള്‍ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. എ.എം. ആരിഫ് എം.പി, എം.എല്‍.എ.മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, എ.ഡി.എം. എസ്. സന്തോഷ്‌കുമാര്‍ തുടങ്ങിയവരും പരേഡ് കാണാന്‍ എത്തിയിരുന്നു.

പരേഡില്‍ പോലീസ് വിഭാഗത്തില്‍ വി.ഡി. ബാബു നയിച്ച  ജില്ല സായുധ സേന പ്ലാറ്റൂണ്‍ എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കി.എന്‍.സി.സി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തോമസ് ജോര്‍ജ് നേതൃത്വം നല്‍കിയ കാര്‍മല്‍ പോളിടെക്നിക് കോളേജ്, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്. അപര്‍ണ നയിച്ച സെന്റ് ജോസഫ് കോളജ് ഫോര്‍ വിമന്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബാസിത് നവാബ് നയിച്ച ലിയോ തീട്ടീന്‍ത് എച്ച്.എസ്.എസ്. എന്നിവ മികച്ച പ്ലാറ്റൂണുകള്‍ക്കുള്ള എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കി.

മികച്ച ഗൈഡസ് വിഭാഗത്തില്‍ എം. വേദാന്ദ നയിച്ച മാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സ്‌കൗട്ട് വിഭാഗത്തില്‍ എസ്. സിനാജ് നയിച്ച ലിയോ തീട്ടീന്‍ത് എച്ച്.എസ്.എസ്., എസ്.പി.സി. വിഭാഗത്തില്‍ കെ. കൃഷ്‌ണേന്ദു നയിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ബുള്‍ബുള്‍ വിഭാഗത്തില്‍ ഹന്ന സാഹിര്‍ നയിച്ച ലിയോ തേട്ടീന്‍ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കബ്‌സ് വിഭാഗത്തില്‍ സാജിദ് എസ്. നയിച്ച മോണിങ് സ്റ്റാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവ മികച്ച പ്ലാറ്റൂണുകള്‍ക്കുള്ള എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കി.

ഹയര്‍ സെക്കന്‍ഡറി മികച്ച ബാന്‍ഡ് ട്രൂപ്പിനുളള ട്രോഫി മുഹമ്മദ് സാബിത് നേതൃത്വം കൊടുത്ത ലജ്നതുള്‍ മുഹമ്മദീയ എച്ച.്എസ.് സ്‌കൂള്‍ നേടി. കെ.എസ്. പാര്‍വതി നയിച്ച മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫികള്‍ മന്ത്രി സജി ചെറിയാന്‍  വിതരണം ചെയ്തു. പൂങ്കാവ് മേരി ഇമ്മാക്യുലേറ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ദേശീയ ഗാനാലാപനം നടത്തി.