വിദ്യാര്‍ത്ഥികള്‍ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലി

സുസ്ഥിര തൃത്താല പദ്ധതി പത്തിന കര്‍മപരിപാടിയോടനുബന്ധിച്ച് എല്ലാ സ്‌കൂളുകളിലും സുസ്ഥിര വികസന ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ അസംബ്ലികള്‍ സംഘടിപ്പിച്ചു. മണ്ഡലത്തിലെ 78 സ്‌കൂളുകളിലാണ് സ്‌പെഷ്യല്‍ അസംബ്ലി നടന്നത്. അസംബ്ലിയില്‍ വിദ്യാര്‍ത്ഥികള്‍ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും സുസ്ഥിര വികസന ക്ലബിലൂടെ നടപ്പാക്കേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ക്ലബ്ബിലൂടെ ഒരു അധ്യാപക കോ-ഓര്‍ഡിനേറ്ററിന്റെയും അഞ്ച് വിദ്യാര്‍ത്ഥി പ്രതിനിധികളുടെയും നേതൃത്വത്തില്‍ ഒരു മാസം ഒരു പ്രവര്‍ത്തനം എന്ന രീതിയില്‍ നടപ്പാക്കും.

സുസ്ഥിരജല ക്ലബ്ബുകളിലൂടെ വിവിധ പ്രവര്‍ത്തനങ്ങള്‍

പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ സുസ്ഥിരജല ക്ലബ്ബുകളിലൂടെ മണ്ഡലത്തെ ഹരിതാഭമാക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ വീട്ടുവളപ്പിലും സ്‌കൂള്‍ കോമ്പൗണ്ടിലും സ്‌കൂളിന്റെ സമീപത്തുള്ള റോഡിന്റെ വശങ്ങളിലും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ച് അതിന്റെ പരിപാലനം, ജന്മദിനം, വാര്‍ഷികം, മറ്റാഘോഷ ദിവസങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കല്‍ എന്നിവയുടെ ഭാഗമായി ലക്ഷം വൃക്ഷം ലക്ഷ്യം പദ്ധതി, രക്ഷിതാക്കളുടെ സഹായത്തോടെ പറമ്പിലെ മഴവെള്ളം ശേഖരിക്കാന്‍ കഴിയുന്ന സ്ഥലത്ത് മഴക്കുഴി നിര്‍മ്മിച്ച് പരിപാലിക്കുന്നതിന് വീട്ടില്‍ ഒരു മഴക്കുഴി, വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ ജലശുദ്ധി പരിശോധന, സ്‌കൂളുകള്‍ ഹരിത ക്യാമ്പസുകളാക്കി മാറ്റാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് ഹരിത ക്യാമ്പസുകള്‍ എന്നിവ ഒരുക്കും.

സ്‌കൂള്‍ കോമ്പൗണ്ടില്‍ 10 സെന്റില്‍ കുറയാത്ത സ്ഥലത്തില്‍ കൃഷിവകുപ്പുമായി ചേര്‍ന്ന് ജൈവ പച്ചക്കറി തോട്ടങ്ങളുടെ നിര്‍മ്മാണം, വിദ്യാലയത്തിന് സമീപമുള്ള ഒരു കുളം തെരഞ്ഞെടുത്ത് പ്രദേശവാസികളുടെ സഹകരണത്തോടെ പരിപാലിക്കുന്നതിനുള്ള നടപടികള്‍, സ്‌കൂള്‍ പരിസരത്തെ തോടുകള്‍ തെരഞ്ഞെടുത്ത് റോഡുകളുടെ വശങ്ങളില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കല്‍, വെള്ളം തടഞ്ഞുനിര്‍ത്താന്‍ സാധിക്കുന്ന തരത്തില്‍ സംവിധാനം സൃഷ്ടിക്കല്‍ എന്നിവ നടത്തുന്നതിന് മണ്ണ് സംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പുഴ നടത്തം, ഓരോ തുള്ളി ജലവും കാര്യക്ഷമമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ത്ഥികള്‍ കൈ കഴുകി കളയുന്ന വെള്ളം ശുദ്ധീകരിച്ച് ശുചിമുറികള്‍, കൃഷി എന്നിവയ്ക്ക് ഉപയോഗിക്കുന്നതിന് സാധ്യതകള്‍ കണ്ടെത്തല്‍, സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തെരഞ്ഞെടുത്ത വാര്‍ഡുകളില്‍ ജലസംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതും ജലത്തിന്റെ ദുരുപയോഗം തടയുന്നതിനും വിദ്യാര്‍ത്ഥികളുടെ ജല സാക്ഷരത യജ്ഞത്തിന്റെ ഭാഗമായി ഗൃഹസന്ദര്‍ശനം, ജല ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടപ്പാക്കും.