നവകേരളം കര്‍മ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘വലിച്ചെറിയല്‍ മുക്ത കേരളം’ കാമ്പയിന് കൈനകരി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് പഞ്ചായത്തിലെ ഇ.എം.എസ്. കമ്മ്യൂണിറ്റി ഹാളിന്റെ പരിസരം ശുചീകരിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.

വൃത്തിയുളള നവകേരളം എന്ന ലക്ഷ്യത്തിലേക്കുളള ആദ്യഘട്ടമായാണ് ‘വലിച്ചെറിയല്‍ മുക്ത കേരളം’ കാമ്പയിന്‍ നടപ്പാക്കുന്നത്. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാനുളള സന്ദേശം ജനങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജനുവരി 26ന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജനുവരി 30 വരെ ഓരോ വാര്‍ഡ് അടിസ്ഥാനത്തിലും നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവിടങ്ങളിലും കാമ്പയിന്‍ സംഘടിപ്പിക്കും.

ഹരിത കര്‍മസേന, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, സ്‌കൂള്‍- കോളജ് എന്‍.എസ്.എസ്., എന്‍.സി.സി., എസ്.പി.സി. വോളണ്ടിയര്‍മാര്‍, ക്ലബ്ബുകള്‍, സംഘടനകള്‍ തുടങ്ങി വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഏകോപിപ്പിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത മിനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ലീന മോള്‍, ഡോ. എ.എം. മനോജ്, ഡോ. സിന്ധ്യ ട്രീസ മൈക്കില്‍, ഹരിത കര്‍മ സേന ഐ.ആര്‍.ടി.സി. കോ-ഓര്‍ഡിനേറ്റര്‍ കവിത ഷിബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റി.എഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. പൊതുപ്രവര്‍ത്തകരായ കെ.സി. ഷാജി, എ.ആര്‍. രാജേഷ് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.