* കരട് ഡിസൈൻ പോളിസി രൂപീകരണം നാളെ (28 ജനുവരി)
നിർമാണ പ്രവൃത്തികൾക്കും രൂപകൽപ്പനകൾക്കും പുതിയ മുഖഛായ നൽകുന്നതിന് കേരളം തയാറാക്കുന്ന ഡിസൈൻ പോളിസി സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുമെന്നു പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഡിസൈൻ പോളിസിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിദഗ്ധരെ ഉൾപ്പെടുത്തി നടക്കുന്ന ശിൽപ്പശാലയുടെ സമാപന ദിനമായ നാളെ (28 ജനുവരി) കരട് ഡിസൈൻ പോളിസിക്കു രൂപം നൽകുമെന്നും വിവിധ തലങ്ങളിലെ ചർച്ചകൾക്കു ശേഷം സംസ്ഥാനത്തിന്റെ ഡിസൈൻ നയം പ്രഖ്യാപിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഫ്യൂച്ചർ ബൈ ഡിസൈൻ എന്ന ലക്ഷ്യം മുൻനിർത്തിയാണു ഡിസൈൻ പോളിസി തയാറാക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഭാവി കേരളം വരും തലമുറയ്ക്ക് അഭിമാനിക്കാവുന്ന വിധത്തിൽ വികസിപ്പിക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വിവിധ മേഖലകളിലെ രൂപകകൽപ്പനകൾക്കു ദിശാബോധം നൽകുന്ന മാർഗരേഖയായിരിക്കും ഡിസൈൻ പോളിസി. ഡിസൈൻ നയമുള്ള രാജ്യങ്ങളിൽ നിർമാണ, ടൂറിസം മേഖലയിൽ വലിയ പ്രത്യേകതകൾ കാണാൻ കഴിയും. ചുറ്റുമുള്ള മനുഷ്യരേയും നിർമിതികളേയും സ്ഥാപനങ്ങളേയുമെല്ലാം ഉൾക്കൊള്ളുന്ന വിശാലമായ ആശയമാണിത്. പുതുതായി ആസൂത്രണം ചെയ്യപ്പെടുന്ന നിർമിതികളും പദ്ധതികളും സുസ്ഥിര കാഴ്ചപ്പാടോടെയുള്ള രൂപകൽപ്പന ചെയ്യപ്പെട്ടവയായിരിക്കണമെന്നാണ് ഇതു മുന്നോട്ടുവയ്ക്കുന്ന ആശയമെന്നും മന്ത്രി പറഞ്ഞു.
ഡിസൈൻ നയം പ്രഖ്യാപിക്കുന്നതോടെ രാജ്യത്ത് ഡിസൈൻ പോളിസി നടപ്പാക്കുന്ന ആദ്യം സംസ്ഥാനമായി കേരളം മാറുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. നിർമാണ പ്രവർത്തികളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡിസൈൻ പോളിസിയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആർക്കിടെക്റ്റുകൾ, ഡിസൈനർമാർ, വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ത്രിദിന ശിൽപ്പശാലയാണു തിരുവനന്തപുരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്നത്. വിവിധ സെഷനുകളിലായി വിവിധ വിഷയങ്ങളിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തിയ ചർച്ചകളിലെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചു കരട് നയം തയാറാക്കും. ഇത് സർക്കാർ തലത്തിലടക്കം ചർച്ച ചെയ്ത് തീരുമാനമായി സമയബന്ധിതമായി നടപ്പാക്കും.
പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പുകളിലെ ആസൂത്രണ വിദഗ്ധർ, ആർക്കിടെക്റ്റുമാർ, മറ്റു വിദഗ്ധർ തുടങ്ങിയവർക്ക് ആശ്രയിക്കാവുന്ന മാർഗദർശ ചട്ടക്കൂടായിരിക്കും ഇത്. ഈ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള വികസന പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ ഡിസൈൻ കാഴ്ചപ്പാടിനുകൂടി ഊന്നൽ നൽകുന്നതിനാണ് ഈ രണ്ടു വകുപ്പുകളും ഡിസൈൻ പോളിസിയിലൂടെ ഉദ്ദേശിക്കുന്നത്. ഈ മേഖലകളിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ഉതകുന്നതാകും പുതിയ നയം. ആസൂത്രണ മേഖലയിൽ വലിയ മാറ്റം കൊണ്ടുവരാനും ഇതിലൂടെ കഴിയും. കേരള ദി ഗ്ലോബൽ ഡിസൈൻ ഹബ് എന്ന നിലയിലേക്കുള്ള വികസന കാഴ്ചപ്പാടാണു സർക്കാർ ഈ പദ്ധതിവഴി ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ടൂറിസം വകുപ്പ് ഡയറക്ടർ പി.ബി. നൂഹ്, കേരളം ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. മനോജ് കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.