ശ്രീചിത്ര ടെലിഹെല്‍ത്ത് യൂണിറ്റിന്റെ (സേതു) പ്രവര്‍ത്തനങ്ങള്‍ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലില്‍ തുടങ്ങി. തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി, ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസ് എന്നിവയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം. ഇതോടെ ക്യാന്‍സര്‍ സെന്ററില്‍ എത്തുന്ന രോഗികള്‍ക്ക് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ സഹകരണത്തോടെ മള്‍ട്ടി ഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡ് രൂപീകരിച്ചു കൊണ്ട് വിദഗ്ധ ഡോക്ടറുമാരുമായി ആശയവിനിമയം നടത്തി ചികിത്സ തേടാന്‍ സാധിക്കും. തുടര്‍ ചികില്‍സ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഇത്തരത്തില്‍ രോഗികള്‍ക്ക് ലഭ്യമാകും.
ശാസ്ത്ര- സാങ്കേതിക വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ സഹായ ത്തോടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്ന ആരോഗ്യ സേവന പദ്ധതിയാണ് ശ്രീചിത്ര ടെലിഹെല്‍ത്ത് യൂണിറ്റ് (സേതു). നിലവില്‍ ആധുനിക സജ്ജീകരണങ്ങളുള്ള ടെലി മെഡിസിന്‍ വാനുകള്‍ ഉപയോഗിച്ചാണ് ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലൂടെ പദ്ധതി നടപ്പാക്കുന്നത്. പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമാണ് ഈ സേവനത്തില്‍ മുന്‍ഗണന ലഭിക്കുക. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളിലെയും ഡോക്ടര്‍മാരുടെ സേവനം പദ്ധതിയിലൂടെ ലഭ്യമാണ്. കാര്‍ഡിയോളജി, ന്യൂറോളജി, ഓങ്കോളജി, പള്‍മനോളജി, നെഫ്രോളജി എന്നീ സൂപ്പര്‍ സ്‌പെഷ്യലിറ്റി സേവനങ്ങളും, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഡെര്‍മറ്റോളജി, ഓര്‍ത്തോപീഡിക്സ്, പീഡിയാട്രിക്‌സ് എന്നീ സ്‌പെഷാലിറ്റി സേവനങ്ങളും ലഭിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി. വിജോള്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. കല്യാണി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പി.ദിനേശ്, എന്‍.എച്ച്.എം ജില്ല പ്രൊജക്ട് മാനേജര്‍ ഡോ.സമീഹ സെയ്തലവി, നല്ലൂര്‍നാട് കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആന്‍സി മേരി ജേക്കബ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി. ബാലന്‍, എടവക ഗ്രാമപഞ്ചായത്ത് മെമ്പര്‍ മനു കുഴിവേലി, മാനന്തവാടി ബ്ലോക്ക് സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ പ്രിയ വീരേന്ദ്രകുമാര്‍, സേതു ടെലി-ഹെല്‍ത്ത് യൂണിറ്റ് റിസര്‍ച്ച് അസിസ്റ്റന്റ് റ്വിഷ്ണുരാജ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി മിഥുന്‍ എന്നിവര്‍ സംസാരിച്ചു.