കോഴിക്കോട് ജില്ലയിലെ ആധാര്‍ അപ്ഡേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതല ആധാർ മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്നു. ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ നിലവിൽ ജില്ലയിലെ ആധാര്‍ കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തങ്ങളും ആധാര്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.
സംസ്ഥാന യു.ഐ.ഡി.എ.ഐ ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ ആധാര്‍ അപ്ഡേഷന്‍ സംബന്ധിച്ച് വിഷയാവതരണം നടത്തി.
കുട്ടികളുടെ അഞ്ചു വയസ്സിലെയും 15 വയസിലെയും ബയോമെട്രിക് അപ്ഡേഷന്‍ ജില്ലയില്‍ ത്വരിത ഗതിയിലാക്കാനുള്ള പ്രവർത്തങ്ങൾ ഊർജ്ജിതമാക്കാൻ യോഗത്തിൽ തീരുമാനമായി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയായിരിക്കും ജില്ലയിൽ ആധാർ അപ്ഡേഷന്റെ പ്രവർത്തങ്ങൾ പൂർത്തീകരിക്കുക. മൂന്ന് മാസത്തിലൊരിക്കല്‍ മോണിറ്ററിങ് സമിതി ചേര്‍ന്ന് ആധാര്‍ അപ്ഡേഷന്‍ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
യു.ഐ.ഡി.എ.ഐ ബാംഗ്ലൂർ റീജ്യണല്‍ ഡയറക്ടർ മുഹമ്മദ് മുസാബ്, യു.ഐ.ഡി.എ.ഐ റീജ്യണല്‍ ഓഫീസർ എം വെങ്കട്ട്, പോസ്റ്റൽ, പോലീസ്, വനിതാ ശിശുക്ഷേമം, വിദ്യഭ്യാസം,ആരോഗ്യം,ഐ ആൻഡ് പിആർഡി, അക്ഷയ എന്നീ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.