വിനോദസഞ്ചാരികളുടെ പറുദീസയാകാൻ വയലട ഒരുങ്ങി

മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലടയിലെത്തുന്ന സഞ്ചാരികൾക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങളൊരുങ്ങി. 3.04 കോടി രൂപയാണ് വയലടയുടെ ഒന്നാം ഘട്ട വികസനത്തിനായി സർക്കാർ അനുവദിച്ചത്. ഇതിൽ 3 കോടി 52000 രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. പവലിയന്‍, പ്രധാന കവാടം, സൂചനാ ബോര്‍ഡുകള്‍, ലാന്റ്സ്കേപ്പിംഗ്, ഇരിപ്പിടങ്ങള്‍, ഫുഡ് കോര്‍ട്ട്, കോഫീഷോപ്പ്, സോളാർ ലൈറ്റ്, ശുചിമുറി, ഫെസിലിറ്റേഷന്‍ സെന്റര്‍,വ്യൂ പോയിന്റ് തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രധാന ഘടകങ്ങള്‍.

സ്വകാര്യ വ്യക്തികളിൽ നിന്നും വിട്ടുകിട്ടിയ സ്ഥലത്താണ് വയലട റൂറല്‍ ടൂറിസം ഡെവലപ്മെന്റ് പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പിലാക്കിയത്. പ്ലോട്ടുകളില്‍ ആയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് ഡി.ടി.പി.സി മുഖന നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി കേരള ഇലക്ട്രിക്കല്‍ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി-ലിമിറ്റഡ് (കെ ഇ എൽ) ആണ്.

പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 29 ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. വിനോദ സഞ്ചാര മേഖലക്ക് ഏറെ കരുത്ത് പകരുന്നതാണ് വയലടയിലെ വികസന പ്രവർത്തനങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് 1400 അടി ഉയരത്തിലുള്ള വയലടയിലെ തണുത്ത കാലാവസ്ഥയും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്.