ജില്ലാതല ആധാര്‍ മോണിറ്ററിംഗ് കമ്മറ്റി യോഗം ചേര്‍ന്ന് ആധാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. നിര്‍ബന്ധിത അപ്‌ഡേഷനുകളും, ആധാര്‍ മൊബൈല്‍ ലിങ്കിംഗും ഇനിയും പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. ആധാര്‍ പുതുക്കുന്നതിന് ജില്ലയിലെ പെര്‍മനന്റ് ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളിലും കുട്ടികളുടെ ആധാറുമായി ബന്ധപ്പെട്ട് 5 വയസ്സിനു ശേഷവും, 15 വയസ്സിനു ശേഷവും ചെയ്യേണ്ട നിര്‍ബന്ധിത അപ്ഡേഷന്‍ നടത്തുന്നതിനായി ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളിലും സൗകര്യം ലഭിക്കും.
ആധാര്‍ കാര്‍ഡുകളിലെ തെറ്റു തിരുത്തല്‍ (കൃത്യമായ രേഖകള്‍ ഉണ്ടായിരിക്കണം), മൊബൈല്‍ ലിങ്കിംഗ് ഉള്‍പ്പടെ സേവനങ്ങള്‍ ജില്ലയിലെ ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളില്‍ ലഭ്യമാണ്. പത്തുവര്‍ഷം മുമ്പ് എടുത്തിട്ടുളള ആധാര്‍ കാര്‍ഡുകളിലെ ഡെമോഗ്രാഫിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ നിലവിലെ അഡ്രസ്സ് പ്രൂഫുമായി ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളെ സമീപിക്കാം. കളക്ടറേറ്റില്‍ സബ് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യു.ഐ.ഡി.എ.ഐ ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍, യു.ഐ.ഡി.എ.ഐ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആധാറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 206265 എന്ന നമ്പറില്‍ ബന്ധപ്പെടണം.