ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെയും കോട്ടത്തറ ഗവ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും നേതൃത്വത്തില്‍ അട്ടപ്പാടിയിലെ അരിവാള്‍ രോഗബാധിതര്‍ക്ക് പോഷകാഹാര കിറ്റ് വിതരണവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ കീഴില്‍ ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലുള്ള 113 പേര്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. റാഗിപ്പൊടി, ശര്‍ക്കര, മുതിര, ഈന്തപ്പഴം, വെളിച്ചെണ്ണ, നെയ്യ്, നുറുക്ക് ഗോതമ്പ്, ചെറുപയര്‍, പൊട്ടുകടല, സോയാബീന്‍ അടങ്ങിയ കിറ്റാണ് നല്‍കിയത്. ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ രോഗബാധിതര്‍ക്ക് ആവശ്യമായ മരുന്ന്, ലാബ് സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് മുസ്തഫ അറിയിച്ചു.
ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബോധവത്ക്കരണ ക്ലാസ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം ഷാജു അധ്യക്ഷനായി. ഡോ. സംഗീത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ് കാളിസ്വാമി, ഡയറ്റീഷ്യന്‍ അസ്‌ന, നിജമുദ്ദീന്‍, കോട്ടത്തറ ആശുപത്രി ക്ലാര്‍ക് സന്ദീപ് എന്നിവര്‍ പങ്കെടുത്തു.