ഭിന്നശേഷിക്കാര്‍ക്ക് കരുതല്‍ പദ്ധതിയുമായി തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍, സി.പി.ചെയര്‍, ടോയ്‌ലറ്റ് ചെയര്‍, എം.ആര്‍ കിറ്റ്, സ്റ്റിക്കുകള്‍, തെറാപ്പി മാറ്റ് വിതരണം ചെയ്തു. പദ്ധതി തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാര്‍ഷിക പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി 11 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയതെന്നും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പഞ്ചായത്ത് കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ 88 ഭിന്നശേഷിക്കാര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കിയത്.
ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് കാഞ്ചന രാകേഷ് അധ്യക്ഷയായി. സ്ഥിരം സമിതി അംഗങ്ങളായ ബുഷ്റ ഇക്ബാല്‍, എം. രാധാകൃഷ്ണന്‍, അംഗങ്ങളായ കെ.കെ.എ അസീസ്, പി.ടി ഹംസ, എം. അബ്ബാസ്, വി.ടി.എ കരീം, യു.പി രാമദാസന്‍, ഇ.കെ സുനിത, ഹസീന, സതിദേവി, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ കെ.ടി നജീബ, അസിസ്റ്റന്റ് സെക്രട്ടറി കെ. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.