എല്ലായിടങ്ങളിലും ആത്മവിശ്വാസത്തോടെ എല്ലാ വിഭാഗങ്ങളെയും എത്തിക്കുക ലക്ഷ്യം: മന്ത്രി ആർ ബിന്ദു

പാഴ് വസ്തുക്കളിൽനിന്നുള്ള കരകൗശല ഉൽപ്പന്നങ്ങൾ, രുചിയേറും അച്ചാറുകളും പലഹാരങ്ങളും, പേപ്പർ ബാഗുകളും തുണിസഞ്ചിയും പെൻ സ്റ്റാൻഡും, വീട്ടകങ്ങളെ അലങ്കരിക്കാൻ ഇൻഡോർ ചെടികൾ, തോട്ടങ്ങളിൽനിന്ന് നേരിട്ടെടുത്ത് പാക്ക് ചെയ്യുന്ന കാപ്പിപ്പൊടിയും തേയിലയും…. വൈവിധ്യം കൊണ്ട് ഹൃദയം കവരുകയാണ് ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ നിർമിക്കുന്ന ഉത്പന്നങ്ങളുടെ വിപണന – പ്രദർശന മേള ‘കൂടെ’ .

തൃശ്ശൂർ ജില്ലാ ഭരണകൂടത്തിന്റെ സസ്നേഹം തൃശൂർ പദ്ധതിക്കു കീഴിൽ സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയാണ് ‘കൂടെ’ പ്രദർശന – വിപണന മേള. കലക്ടറേറ്റിന് മുന്നിൽ ആരംഭിച്ച മേള ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്തു. തടസ്സരഹിത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ഭിന്നശേഷിക്കാർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും ജനങ്ങൾ കൂടുന്ന എല്ലായിടങ്ങളിലേക്കും ആത്മവിശ്വാസത്തോടെ എല്ലാ വിഭാഗങ്ങൾക്കും വരാനാവുന്ന തരത്തിൽ പിന്തുണ നൽകുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി സൗഹൃദ ജില്ലയായി തൃശ്ശൂരിനെ മാറ്റുന്നതിന്റെ ഭാഗമായ ബ്രഹദ് സാമൂഹ്യപുനരധിവാസ പദ്ധതിയാണ് സസ്നേഹം തൃശ്ശൂരെന്നും മന്ത്രി പറിഞ്ഞു.

ജില്ലാ കലക്ടർ ഹരിത വി കുമാർ, സബ് കലക്ടർ മുഹമ്മദ് ഷെഫീക്ക് തുടങ്ങിയവർ മേള സന്ദർശിക്കുകയും സ്കൂളുകളിലെ വിവിധ പ്രവർത്തനങ്ങൾ ആരായുകയും ചെയ്തു. മന്ത്രിയും കലക്ടറും മേളയിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങി പിന്തുണ പ്രഖ്യാപിച്ചു. മേള ഇന്ന് (ശനിയാഴ്ച) സമാപിക്കും.

ആദ്യദിനം 10 സ്പെഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ ഉത്പന്നങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. ചേറൂർ സെന്റ് ജോസഫ്‌ സ്കൂൾ, വല്ലച്ചിറ ഹോളി ഫാമിലി സ്പെഷ്യൽ സ്കൂൾ, ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിങ് സെന്റർ, അന്തിക്കാട് സാന്ത്വനം സ്പെഷ്യൽ സ്കൂൾ, മുള്ളൂർക്കര കാർമൽ മറൗണ്ട് സ്പെഷ്യൽ സ്കൂൾ, കോട്ടൂർ സ്വാശ്രയ സ്പെഷ്യൽ ചൈൽഡ് ഡെവലപ്മെന്റ്റ്, വളർക്കാവ് ഓട്ടിസം കെയർ സെന്റർ, കണ്ണാറ ജയ് ക്രിസ്റ്റോ സദൻ സ്പെഷ്യൽ സ്കൂൾ, തൈക്കാട്ടുശ്ശേരി ജോൺ ഉക്കൻ മെമ്മോറിയൽ സ്പെഷ്യൽ സ്കൂൾ, വെള്ളിക്കുളങ്ങര സൈറീൻ സ്പെഷ്യൽ സ്കൂൾ എന്നീ സ്കൂളുകളാണ് ആദ്യദിനം മേളയിൽ പങ്കെടുത്തത്.

രണ്ടാം ദിനം സ്പർശം ബിആർസി, മണ്ണുത്തി സ്നേഹദീപ്‌തി സ്പെഷ്യൽ സ്കൂൾ, കൈപ്പമംഗലം കരുണ ഭവൻ സ്പെഷ്യൽ സ്കൂൾ, വെങ്ങിണിശ്ശേരി പാറളം സാന്ത്വനം ബഡ്‌സ് സ്കൂൾ, തളിക്കുളം സ്നേഹസാന്ത്വനം ബഡ്‌സ് സ്കൂൾ, ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ, കാര്യാട്ടുകര എ എം എച്ച് എ, പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്‌സി ഹോം എന്നിവിടങ്ങളിലെ കുട്ടികളുടെ ഉത്പന്നങ്ങൾ മേളയിലുണ്ടാകും.

ഭിന്നശേഷി കുട്ടികളുടെ ക്രിയാത്മക കഴിവുകൾ പ്രദർശിപ്പിച്ച് അവർക്ക് കൂടുതൽ തൊഴില്‍ സാധ്യതകള്‍ ഒരുക്കുകയാണ് മേളയുടെ ലക്‌ഷ്യം. രാവിലെ 10.30 മുതൽ 4.30 വരെയാണ് മേള. ലീഡ് ബാങ്കിന്റെ പിന്തുണയോടെ റവന്യൂ ഡിവിഷണൽ ഓഫീസ്- മെയിന്റനൻസ് ട്രിബ്യൂണൽ തൃശൂർ സബ് ഡിവിഷനാണ് മേള ഒരുക്കുന്നത്.