വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പുഴയ്ക്കൽ അഡീഷണൽ ഐ സി ഡി എസ്സും പൂങ്കുന്നം ഗവ. ഹയർ സെക്കണ്ടറി സ്കൂളും ചേർന്ന് ദേശീയ ബാലീകാ ദിനം ആചരിച്ചു. ജില്ലാ വികസന കമ്മീഷണർ ശിഖ സുരേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

അക്രമം ജീവിതത്തിൽ പരാജയം മാത്രമാണ് നൽകുന്നതെന്നും ലഹരി ഉപയോഗമാണ് അക്രമത്തിന് ഒരു പരിധിവരെ കാരണമാകുന്നതെന്നും ശിഖ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ജീവിതത്തിൽ വിസമ്മതങ്ങളെകൂടി ഉൾകൊള്ളാൻ നമ്മുടെ വിദ്യാർത്ഥികളെ പ്രാപ്തരാക്കണമെന്നും അവർ പറഞ്ഞു.

ചടങ്ങിൽ ജില്ലാ വനിത ശിശു വികസന ഓഫീസർ മീര പി, വനിതാ സംരക്ഷണ ഓഫീസർ ലേഖ എസ്, പുഴയ്ക്കൽ ശിശു വികസന പദ്ധതി ഓഫീസർ ശ്രീകല കെ, ഹെഡ്മിസ്ട്രസ് അജിതകുമാരി, സീനിയർ അധ്യാപിക പത്മശ്രീ എന്നിവർ പങ്കെടുത്തു.

ബാലികാ ദിനാചരണത്തിന്റെ ഭാഗമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിജി വിജയൻ ‘പ്രണയ പക’ എന്ന വിഷയത്തിൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നൽകി.