പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്ലും കേരള മീഡിയ അക്കാദമിയും ചേര്‍ന്ന് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല മാധ്യമ സാക്ഷരതാ ശില്‍പശാലയ്ക്ക് പീച്ചിയില്‍ തുടക്കമായി. കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന അഞ്ചു ദിവസത്തെ ശില്‍പശാല പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു.

വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന രംഗമാണ് മാധ്യമമേഖലയെന്നും സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് ആര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനായി മാറാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിലെ നെല്ലും പതിരും തിരിച്ചറിയുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അതിന് മാധ്യമ സാക്ഷരത അനിവാര്യമാണ്. ജനങ്ങളുടെ താല്‍പര്യങ്ങളോട് ചേര്‍ന്നു നില്‍ക്കുകയും അവരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരുകയും സമൂഹത്തില്‍ നല്ല മാറ്റങ്ങളുണ്ടാക്കുകയും ചെയ്യുമ്പോഴാണ് മാധ്യമ പ്രവര്‍ത്തനം സാര്‍ഥകമാവുകയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ മേഖലയിലെ മികച്ച സാധ്യതകളിലേക്ക് വെളിച്ചം വീശുന്നതായിരിക്കും ശില്‍പശാലയെന്നും അദ്ദേഹം പറഞ്ഞു.

തന്റെതായ മേഖലകളില്‍ മികവ് കൈവരിക്കുകയെന്നത് പ്രധാനമാണെന്നും മാധ്യമരംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ അഗാധമായ അറിവും നൈപുണ്യവും ആവശ്യമാണന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ ജീവന്‍ബാബു അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ കരീം കൈപ്പള്ളി, ഹയര്‍ സെക്കന്ററി വിഭാഗം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി എം കരീം, മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ കെ രാജഗോപാല്‍, കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി എം അസീം, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ എസ് ഭരതരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും സ്‌കൂള്‍, വിദ്യാഭ്യാസ ജില്ലാതലങ്ങളില്‍ നടത്തിയ സ്‌ക്രീനിംഗുകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട 40 വിദ്യാര്‍ഥികളാണ് അഞ്ച് ദിവസം നീളുന്ന മാധ്യമ ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളെസന്റ് കൗണ്‍സലിംഗ് സെല്ലിന്റെ പ്രത്യേക പദ്ധതിയാണ് സിത്താര്‍. വിവിധ മേഖലകളില്‍ സ്‌കൂള്‍ തലത്തിലും ജില്ലാതലത്തിലും കഴിവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികളെ ഓരോ വര്‍ഷവും തെരഞ്ഞെടുത്തു പ്രത്യേക പരിശീലനം നല്‍കുന്നതാണ് പദ്ധതി.

ഇത്തവണ വിദ്യാഭ്യാസ ജില്ലാതലത്തില്‍ പ്രിന്റ് മീഡിയയില്‍ ഒരു ദിവസത്തെ ഓറിയന്റേഷനും, അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ജില്ലാ തലങ്ങളില്‍ വിഷ്വല്‍ മീഡിയയില്‍ ഒരു ദിവസത്തെ ഓറിയന്റേഷനും നില്‍കിയിരുന്നു. ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് പീച്ചി ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. ഇവിടെ മികവ് തെളിയിക്കുന്നവര്‍ക്ക് ദേശീയ തലത്തില്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷനില്‍ ഒരാഴ്ചത്തെ പരിശീലനം നല്‍കും. 2012-13 മുതല്‍ ആരംഭിച്ച പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നാടകം, നൃത്തം, ഷോര്‍ട്ട് ഫിലിം, ഡിസൈനിംഗ്, മീഡിയ ആന്റ് ജേണലിസം, ന്യൂ മീഡിയ ആന്റ് അനിമേഷന്‍, ഫോട്ടോഗ്രഫി ആന്റ് പോസ്റ്റ് പ്രൊഡക്ഷന്‍, ഫിലിം മെയ്ക്കിംഗ് എന്നീ മേഖലകളിലാണ് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയത്.