പുന്നയൂർക്കുളം പഞ്ചായത്തിലെ ചമ്മന്നൂർ കൊട്ടിലിങ്ങൽ കോളനി കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ നാടിന് സമർപ്പിച്ചു. ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് പദ്ധതി പ്രാവർത്തികമാക്കിയത്. കൊട്ടിലിങ്ങൽ എസ് സി കോളനിയിലെ പാലിശ്ശേരി വീട്ടിൽ മാളുവും കുടുംബവുമാണ് കുടിവെള്ള പദ്ധതിക്ക് വേണ്ടി കിണർ പഞ്ചായത്തിന് വിട്ടു നൽകിയത്. കിണറിന് മുകളിൽ 3000 ലിറ്റർ സംഭരണശേഷിയുള്ള രണ്ട് ടാങ്ക് പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. കോളനിയിലെ 25 കുടുംബങ്ങളുടെ ദാഹമകറ്റാൻ പദ്ധതിയിലൂടെ കഴിയും. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നിരവധി സ്വാശ്രയ കുടിവെള്ള പദ്ധതികൾ പഞ്ചായത്ത് നടപ്പിലാക്കി വരുന്നുണ്ട്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിഷാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ ലീനസ്, വാർഡ് മെമ്പർ ദേവകി ശ്രീധരൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസീറ നസീർ, കുടുംബശ്രീ ചെയർപേഴ്സൺ ഗിരിജ രാജൻ, പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.