കേരമേഖലയെയും കേരകർഷകരെയും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും തെങ്ങിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ കർഷകർ ശ്രമിക്കണമെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അഭിപ്രായപ്പെട്ടു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേരഫെഡ്, മൈത്രി ഇരിങ്ങാലക്കുട ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവർ സംയുക്തമായി കരുവന്നൂരിൽ നടത്തുന്ന പച്ചത്തേങ്ങ സംഭരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരമേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉയർന്ന വില നൽകി പച്ചത്തേങ്ങ സംഭരിക്കുന്നത്‌. ഉത്പാദനം വർധിപ്പിക്കുന്നതിനും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനും കർഷകർ ശ്രമിക്കണം. പരീക്ഷണാടിസ്ഥാനത്തിൽ ഉത്പന്നങ്ങൾ ഉണ്ടാക്കാൻ കർഷകർക്ക് കഴിയണം. ഉത്പന്നങ്ങളുടെ വിപണനം സാധ്യമാകുന്ന ഇടം കൂടി സംഭരണകേന്ദ്രത്തോടൊപ്പം ഉണ്ടാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

32 രൂപ നിരക്കിലാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. പതിനൊന്നിടങ്ങളിൽ മൊബൈൽ സംഭരണ യൂണിറ്റുകൾ ഉണ്ട്. പരമാവധി 70 നാളികേരം വരെ ഒരു തെങ്ങിൽ നിന്നും ആറ് തവണ ആയി സംഭരിക്കും. പരമാവധി അഞ്ച് ഏക്കർ വരെയുള്ള തെങ്ങിൻതോട്ടങ്ങളിൽ നിന്നുമാണ് സംഭരിക്കുന്നത്. ഉടനടി തുക നൽകാനുള്ള സംവിധാനം ഉണ്ടാകും. ഇരിങ്ങാലക്കുട ബ്ലോക്കിലെ മുഴുവൻ സംഭരണവും നടത്താൻ ശേഷിയുള്ള കേന്ദ്രമാണ് ഇതെന്നും ചൊവ്വ വ്യാഴം ദിവസങ്ങളിൽ സംഭരണം നടക്കുമെന്നും കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ് മിനി പദ്ധതി വിശദീകരണം നടത്തി അറിയിച്ചു.

ഇരിങ്ങാലക്കുട ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ കെ സി ജെയിംസ് അധ്യക്ഷനായി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്‌, കൗൺസിലർ പ്രവീൺ കുറ്റിക്കാട്, വി എഫ് പി സി കെ ജില്ലാ മാനേജർ എ എ അംജ, പൊറത്തിശേരി കൃഷി ഓഫിസർ ആൻസി, വി എഫ് പി സി കെ ഡെപ്യുട്ടി മാനേജർ കെ യു ബബിത തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഡെപ്യൂട്ടി മാനേജർ കെ വി അരുൺ സ്വാഗതവും എഫ് പി സി ഡയറക്ടർ പി കെ ദാസൻ നന്ദിയും രേഖപ്പെടുത്തി.