‘രോഗം ഒരു കുറ്റമല്ല’ എന്ന തോപ്പില്‍ ഭാസിയുടെ നാടകത്തിലെ സംഭാഷണത്തെ ഓര്‍ക്കാതെ കുഷ്ഠരോഗ നിയന്ത്രണത്തെ പറ്റി കേരളത്തില്‍ സംസാരിക്കുന്നത് ഉചിതമല്ലെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണവുമായി ബന്ധപ്പെട്ട് നടത്തുന്ന സ്പര്‍ശ് 2023-ന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പണ്ടുകാലങ്ങളില്‍ പലരും ഇത്തരം രോഗം വരുമ്പോള്‍ കൃത്യമായി ചികിത്സിക്കാതെ ദൈവത്തിന്റെ കോപം കൊണ്ടാണെന്ന് വിശ്വസിച്ച് മുന്നോട്ടു പോയിരുന്നു. അസുഖം ഉണ്ടെന്ന് പുറത്തു പറയാന്‍ പോലും മടിച്ച ഒരു കാലമുണ്ടായിരുന്നു. ഈ വേളയിലാണ് തോപ്പില്‍ ഭാസി അശ്വമേധം എന്ന നാടകം രചിക്കുന്നത്. രോഗം ഒരു കുറ്റമാണോ എന്ന ചോദ്യം കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യ മനസ്സുകളിലേക്കാണ് തറച്ച് കയറിയത്. ഇതൊരു വലിയ മാറ്റത്തിനാണ് തുടക്കം കുറിച്ചത്.- മന്ത്രി പറഞ്ഞു.

ഇന്ന് കുഷ്ഠരോഗത്തിന് മരുന്നുകള്‍ ഉണ്ട്. തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാവുന്ന അവസ്ഥയാണുള്ളത്. ഏറ്റവും മികച്ച കുഷ്ഠരോഗ ചികിത്സ കേന്ദ്രങ്ങളില്‍ ഒന്നാണ് ആലപ്പുഴ ജില്ലയിലെ നൂറനാട് ലെപ്രസി സാനിറ്റോറിയം. ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പലര്‍ക്കും ഒരു പ്രചോദനമാണ്. തീര്‍ച്ചയായും എല്ലാവരും ചേര്‍ന്ന് പരിശ്രമിച്ചാല്‍ ഈ രോഗത്തെ പൂര്‍ണമായും നമുക്കുടയില്‍ നിന്നും ഇല്ലാതാക്കാന്‍ സാധിക്കും.- മന്ത്രി പറഞ്ഞു.

ചേര്‍ത്തല രാജീവ് ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. ജില്ല മെഡിക്കല്‍ ഓഫീസ്, ജില്ല ലെപ്രസി യൂണിറ്റ്, ചേര്‍ത്തല താലൂക്ക് ആശുപത്രി എന്നിവ സംയുക്തമായാണ് പരിപാടി നടത്തുന്നത്. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ് ആരോഗ്യ സന്ദേശം നല്‍കി.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എസ്. അജയകുമാര്‍, എന്‍.എച്.എം. പ്രോഗ്രാം മാനേജര്‍ ഡോ. കെ.ആര്‍. രാധാകൃഷ്ണന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ലിസി ടോമി, എ.എസ്. സാബു, അംഗങ്ങളായ പി. ഉണ്ണികൃഷ്ണന്‍, ഡോ. അനു വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ.എന്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുഷ്ഠരോഗ നിര്‍മാര്‍ജനവും സുസ്ഥിര വികസന ലക്ഷ്യങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഡോ. എ.ആര്‍. ഷൈജു വിഷയം അവതരിപ്പിച്ചു. ഐ. ചിത്ര മോഡറേറ്ററായി. പക്ഷാചരണം ഫെബ്രുവരി 13 – ന് സമാപിക്കും.