ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ വികസന പദ്ധതിയായ ‘കരിയര്‍ പാത്തിന്റെ’ ആദ്യഘട്ടം പൂര്‍ത്തിയായി. ജില്ലയിലെ വിദ്യാര്‍ത്ഥികളെ കേന്ദ്ര സര്‍വകലാശാലകളിലേക്ക് എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ജില്ലയിലെ 60 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലാണ് ആദ്യഘട്ട നടപടികള്‍ പൂര്‍ത്തീകരിച്ചത്.

രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ എന്‍ജിനീയറിങ്ങ് കൂട്ടായ്മയായ വീക്യാനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടാംഘട്ടത്തില്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രിലിമിനറി ടെസ്റ്റ് നടത്തി ആ ടെസ്റ്റില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഓണ്‍ലൈനിലും പിന്നീട് ക്ലസ്റ്റര്‍ മാതൃകയില്‍ കോച്ചിംഗ് നല്‍കി സര്‍വകലാശാലകളിലേക്ക് നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷക്ക് തയ്യാറാക്കാനുമാണ് കരിയര്‍ പാത്ത് പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്.

ഏച്ചോം സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്‌ന കരീം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ.ബി.നസീമ, സീത വിജയന്‍, വാര്‍ഡ് മെമ്പറായ എം.കെ രാമചന്ദ്രന്‍, സഫയര്‍ ഫ്യൂച്ചര്‍ അക്കാദമി പ്രതിനിധി ജോണ്‍ ലാല്‍, പി.ടി.എ പ്രസിഡന്റ് ഷിജു സെബാസ്റ്റ്യന്‍, സര്‍വ്വോദയ സ്‌കൂള്‍ ഡയറക്ടര്‍ ബിജു ജോര്‍ജ്, സര്‍വോദയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജു മാത്യു എന്നിവര്‍ സംസാരിച്ചു.