സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ അന്ത്യോദയ സര്‍വെ-2022 ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. അടിസ്ഥാന സൗകര്യം, മാനവവികസനം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയുടെ അവസ്ഥ നിര്‍ണയിക്കുന്ന ഏതാനും സൂചകങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ഗ്രാമപഞ്ചായത്തുകളെ റാങ്ക് ചെയ്യുന്നതിന് വേണ്ടി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം രൂപകല്‍പന ചെയ്തിട്ടുള്ള മിഷന്‍ അന്ത്യോദയ സര്‍വെയുടെ ഫീല്‍ഡ്തല വിവരങ്ങള്‍ ശേഖരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ബ്ലോക്ക് നോഡല്‍ ഓഫീസര്‍മാര്‍ക്കുമായാണ് മിഷന്‍ അന്ത്യോദയ സര്‍വെ 2022 പരിശീലനം സംഘടിപ്പിച്ചത്.

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയായി. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിനി കാസിം അധ്യക്ഷയായി. പരിശീലന പരിപാടിയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, പഞ്ചായത്ത് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജലജ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസര്‍ വി. പ്രകാശ് ബാബു എന്നിവര്‍ സംസാരിച്ചു. റിസര്‍ച്ച് ഓഫീസര്‍ (എം.ഐ) ഫെഡറിക് ജോസഫ് പരിശീലനാര്‍ത്ഥികള്‍ക്ക് സര്‍വെയെ കുറിച്ച് ക്ലാസെടുത്തു.