ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടക്കുന്നിൽ വെച്ച് ജനുവരി 26 മുതൽ നടന്നു വന്ന വ്യവസായ ഉത്പന്ന പ്രദർശന വിപണന മേള സമാപിച്ചു. ഉത്പന്നങ്ങൾ വാങ്ങുന്നതിനും പരിപാടികൾ വീക്ഷിക്കുന്നതിനുമായി വൻ ജന പങ്കാളിത്തമാണ് സമാപന ദിവസം ഉണ്ടായത്. സംരംഭകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് പുതിയ വിപണി കണ്ടെത്തുന്നതിനും വിപണി വിപുലീകരിക്കുന്നതിനും നവ സംരംഭകർക്ക് ആത്മ വിശ്വാസം പകരുന്നതിനും മേള ഗുണം ചെയ്തു. മേളയിൽ ആകെ 28 ലക്ഷം രൂപയുടെ വിറ്റ് വരവും 33 ലക്ഷം രൂപയുടെ ഓർഡറുകളും സംരംഭകർക്ക് ലഭിച്ചു.
സമാപന സമ്മേളനം മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രജ്ഞിത് ബാബു അദ്ധ്യക്ഷത വഹിച്ചു. മാനേജർ എ. അബ്ദുൽ ലത്തീഫ്, കെ.എസ്.എസ്.ഐ.എ ജില്ലാ ട്രഷറർ മുജീബ് റഹ്‌മാൻ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ലതിക, ഏറനാട് ഉപജില്ലാ വ്യവസായ ഓഫീസർ എം.എസ് സുനിത, പെരിന്തൽമണ്ണ ഉപജില്ലാ വ്യവസായ ഓഫീസർ പി.സി വിനോദ് എന്നിവർ സംസാരിച്ചു. മേളയിലെ മികച്ച പ്രദർശകരായി സിദ്ദീഖുൽ അക്ബർ കെ.ടി (മെയ്മ കെയർ) , ഉമ്മർ (വേൾഡ് ഓഫ് സെറാമികിസ്), മികച്ച വനിതാ പ്രദർശകയായി സുനീറ (ബിറീസ് പിക്കിൾ), മികച്ച പ്രദർശകൻ (നൂതന ഉൽപ്പന്നങ്ങൾ) ആയി സുനിൽ ബാബു. സി ( സി.ടെക് റോബോടിക് ഇന്നവേഷൻ) എന്നിവരെയും തെരഞ്ഞെടുത്തു.