കേരളത്തിലെ ആദ്യ രജിസ്ട്രേഡ് വെഹിക്കിൾ സ്ക്രാപിങ് ഫെസിലിറ്റി (ആർ.വി.എസ്.എഫ്.) നിർമാണോദ്ഘാടനം കെ.എസ്. ആർ.ടി.സി.എടപ്പാൾ റീജ്യണൽ വർക് ഷോപ്പിൽ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിച്ചു. മന്ത്രിയെന്ന നിലയിൽ കെ.എസ് ആർ.ടി.സി.യെ നവീകരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും കെ.എസ്.ആർ.ടി.സി. മാറ്റത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
‘150 ലധികം പുതിയ നിയമനങ്ങൾ ഉടൻ കെ.എസ്.ആർ.ടി.സി.യിൽ ഉണ്ടാകും. ഒഴിവുകൾ അപ്പോൾ തന്നെ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യുകയും നിയമനം നടത്തുകയും ചെയ്യും. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഉദ്യോഗസ്ഥർക്ക് പ്രമോഷൻ നൽകും’- മന്ത്രി പറഞ്ഞു.
കേന്ദ്ര പദ്ധതിയനുസരിച്ച് നിർമിക്കുന്ന ആർ.വി.എസ്.എഫ് പ്രവർത്തനം തുടങ്ങിയാൽ 200 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്ന് ഗ്രാന്റായി ലഭിക്കുക. ഇത് കെ.എസ്.ആർ.ടി.സിയുടെ തന്നെ നവീകരണത്തിന് ഉപയോഗിക്കും. അഴിമതിയ്ക്ക് സാധ്യതകൾ ഏറെയുള്ള ഈ പദ്ധതി പൂർണമായും അഴിമതിരഹിതവും സുതാര്യവുമായി ആയിരിക്കും നടപ്പിലാക്കുക. സ്ക്രാപ് ചെയ്യുന്നവ മലിനീകരണമില്ലാതെ, പൂർണമായും യന്ത്രവത്കൃതമായി ഹൈഡ്രോളിക് പ്രസ് സംവിധാനമുപയോഗിച്ച് ക്യുബിക്കിളാക്കി കയറ്റി അയക്കുകയാണ് ചെയ്യുന്നത്. മാലിന്യ മുക്ത നവകേരളം പദ്ധതിയനുസരിച്ച് കെ.എസ്.ആർ.ടി.സി. വാഹനങ്ങളുടെ റെക്സിൻ, ഗ്ലാസ് മുതലായവ ഉൾപ്പെടുന്ന 500 ടൺ മാലിന്യം നീക്കം ചെയ്തതായും മന്ത്രി പറഞ്ഞു. രാജ്യത്ത് തന്നെ പൂർണമായും ഡിജിറ്റലൈസ് ചെയ്ത് പ്രവൃത്തിക്കുന്ന ഗതാഗത സംവിധാനം കെ.എസ്.ആർ.ടി.സി. ആണെന്നും നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ഓപറേറ്റിങ് സോഫ്റ്റ് വെയർ വഴിയാണ് സ്പെയർ പാർട്സ് സംബന്ധമായ ഓർഡറുകളും മറ്റും നൽകുന്നതെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥർക്ക് ഐ.ഡി.ടി. ആറിൽ കംപ്യൂട്ടർ അധിഷ്ഠിത പരിശീലനം നൽകിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കെ.ടി.ജലീൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ ഡോ.പി.എസ്. പ്രമോ ജ് ശങ്കർ സ്വാഗതം പറഞ്ഞു. ആർ.വി.എസ്.എഫിന്റെ ലോഗോ മന്ത്രി കെ.ബി.ഗണേഷ് കുമാർ പ്രകാശനം ചെയ്തു. കെ.ടി.ജലീൽ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവിൽ എടപ്പാൾ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിർമിച്ച യാർഡും മന്ത്രി ഉദ്ഘാടനം ചെയ്തു. പൊന്നാനി കെ.എസ്.ആർ.ടി.സി. ജീവനക്കാരന്റെ അസുഖ ബാധിതനായ മകന്റെ ചികിത്സാർഥം ജീവനക്കാർ സ്വരൂപിച്ച ഒൻപതര ലക്ഷം രൂപയുടെ ചെക്കും മന്ത്രി കൈമാറി.
കെ.എസ്.ആര്.ടി.സി.യും സിംകോ ആര്.വി.എസ്.എഫ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടപ്പിലാക്കുന്ന ആർ. വി.എസ്.എഫ്. എടപ്പാളിൽ യാഥാർഥ്യമാകുന്നതോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും കേന്ദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളോടെ പഴയ വാഹനങ്ങള്‍ ഇവിടെ പ്രകൃതിസൗഹൃദമായി സ്ക്രാപ്പ് ചെയ്യാന്‍ സൗകര്യമുണ്ടാകും.
