* ആയുർവേദ ആശുപത്രി കെട്ടിടം നാടിന് സമർപ്പിച്ചു
പട്ടികജാതി വികസന വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ കീഴിൽ എലവഞ്ചേരി ഗ്രാമപഞ്ചായത്തിൽ ചേപ്പലോട് അംബേദ്ക്കർ ഗ്രാമ വികസന പദ്ധതി പ്രവൃത്തിയുടെയും ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെയും ഉദ്ഘാടനം പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു.
എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 62.5 ലക്ഷം ചെലവഴിച്ചാണ് ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. രോഗികൾക്ക് കാത്തിരുപ്പ് കേന്ദ്രം, കൺസൾട്ടിങ് മുറി, ഫാർമസി, സ്റ്റോർ സൗകര്യം, കഷായം പാകം ചെയ്യുന്നതിന് കിച്ചൺ, ആശുപത്രി പ്രവർത്തകർക്കും ഭിന്നശേഷികാർക്കും ബാത്ത്റൂം തുടങ്ങിയ സൗകര്യങ്ങൾ നിർമ്മാണം പൂർത്തീകരിച്ച ആശുപത്രി കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
പരിപാടിയിൽ കെ. ബാബു എം.എൽ.എ അധ്യക്ഷനായി. പട്ടികജാതി വികസന ഓഫീസർ കെ.എസ് ശ്രീജ പദ്ധതി വിശദീകരിച്ചു. തുടർന്ന് നെൽകതിർ അവാർഡ് കരസ്ഥമാക്കിയ തുമ്പിടി കരിപ്പായി പാടശേഖര സമിതി, വി.എഫ്.പി.സി.കെ കർഷകസമിതിക്കുള്ള അവാർഡ് നേടിയ എലവഞ്ചേരി സ്വാശ്രയ കർഷക സമിതി, ഹരിത മിത്രം അവാർഡ് കരസ്ഥമാക്കിയ ആർ. ശിവദാസൻ എന്നിവരെ പരിപാടിയിൽ ആദരിച്ചു.
