ആലപ്പുഴ: വെള്ളപ്പൊക്ക ദുരിത ബാധിത പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് നൽകുന്ന ധനസഹായത്തിനുള്ള വിവരശേഖരണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. രണ്ടുദിവസമായി 24മണിക്കൂർ ജോലി ചെയ്താണ് ദുരന്തബാധിതരുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുന്നത്. വെള്ളിയാഴ്ചയ്ക്കുള്ളിൽ പരമാവധി ആളുകൾക്ക് പതിനായിരം രൂപ നൽകാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ബി.എൽ.ഒമാരും വില്ലേജ് ഓഫീസർ ഓഫീസർമാരും ചേർന്ന് ശേഖരിച്ച ഗുണഭോക്താക്കളുടെ വിവരങ്ങൾ ക്രോഡീകരിച്ച് തഹസിൽദാർ വഴി ട്രഷറിയിലേക്കാണ് കൈമാറുന്ന ജോലിയാണ് ഇവിടെ പുരോഗമിക്കുന്നത്.
റവന്യൂ ഓഫീസിന് പുറമേ പ്ലാനിങ് ഓഫീസിൽ പ്രവർത്തിക്കുന്ന ഐ.ടി സെൽ ജീവനക്കാരും വിവരശേഖരണ ജോലിയിലുണ്ട്. വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഡാറ്റാ എൻട്രി ജീവനക്കാരെയും വിവരങ്ങൾ ക്രോഡീകരിക്കാൻ നിയമിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ എസ്.സുഹാസ്, സബ് കളക്ടർ കൃഷ്ണ തേജ, ഫിനാൻസ് ഓഫീസർ എന്നിവരാണ് വിവരശേഖരണത്തിന് നേതൃത്വം നൽകുന്നത്.
