കാക്കനാട്: ആന്ധ്രയില്‍നിന്നുള്ള ഒരു ലോഡ് അരി ഇറക്കാന്‍ ടീം സവാള ഉടന്‍ എത്തിച്ചേരണമെന്ന ഔദ്യോഗിക അനൗണ്‍സ്‌മെന്റ് ഇന്ന് മുതല്‍ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ സര്‍ക്കാര്‍ കളക്ഷന്‍ സെന്ററില്‍ മുഴങ്ങില്ല. 15 ദിവസത്തെ ഗംഭീര പ്രയത്‌നത്തിനൊടുവില്‍ പ്രളയ ദുരന്തബാധിതര്‍ക്കായി ജില്ലാ ഭരണകൂടം വിതരണത്തിന് തയ്യാറാക്കിയത് രണ്ടേകാല്‍ ലക്ഷം കിറ്റുകള്‍. അരി, പയറ് വര്‍ഗങ്ങള്‍, പഞ്ചസാര, തുടങ്ങി വിവിധ അവശ്യ വസ്തുക്കള്‍ അടങ്ങിയതാണ് ഒരു കുടുംബത്തിനുള്ള കിറ്റ്. ദുരന്തബാധിതര്‍ക്കായുള്ള അവശ്യ സാധനങ്ങളുടെ ഒന്നാം ഘട്ട വിതരണമാണ് ഇതോടെ പൂര്‍ത്തിയാകുന്നത്. ഇനിയുള്ള വിതരണം അതാത് താലൂക്കുകള്‍ കേന്ദ്രീകരിച്ചായിരിക്കും.
കോളേജ് വിദ്യാര്‍ത്ഥികള്‍, റിട്ടയേഡ് അദ്ധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അവശ്യസാധനങ്ങള്‍ തരം തിരിച്ച് കിറ്റുകളിലാക്കുന്നതിന് വിവിധ കിറ്റ് നിര്‍മ്മാണ കേന്ദ്രങ്ങളില്‍ പ്രതിദിനം 1500ഓളം സന്നദ്ധ പ്രവര്‍ത്തകരാണ് എത്തിയത്. പുറമേ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ സജീവസാന്നിധ്യത്തിന് പുറമെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം.കെ. കബീറും ഡപ്യൂട്ടി കളക്ടര്‍മാരും ഈ വലിയ സംരംഭത്തിന്റെ അമരക്കാരായി രംഗത്ത് നിറഞ്ഞു നിന്നു. പവര്‍ഗ്രിഡ് സ്ഥലമെടുപ്പിന്റെ ചുമതലയുള്ള തഹസില്‍ദാര്‍ മനോജ് കുമാര്‍, കളക്ടറേറ്റിലെ ഉദ്യോഗസ്ഥരായ റോണി ഫെലിക്‌സ്, ജെയ് ജേക്കബ് എന്നിവരാണ് താലൂക്കുകളിലേക്കുള്ള കിറ്റ് നീക്കം കുറ്റമറ്റതാക്കുന്നതിന്റെ ചുമതല നിര്‍വഹിച്ചത്.
സംസ്ഥാനത്താകെ തയ്യാറാക്കിയ കിറ്റുകളുടെ എണ്ണത്തോട് കിടപിടിക്കുന്നതാണ് ജില്ലയിലെ മാത്രം കിറ്റുകളുടെ എണ്ണം. രണ്ട് ഷിഫ്റ്റുകളിലായാണ് ജില്ലയിലെ നാല് കിറ്റ് നിര്‍മ്മാണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സജ്ജീകരിച്ചിരുന്നത്. രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്ന് വരെയും. മൂന്ന് മുതല്‍ രാത്രി എട്ട് വരെയും. എന്നാല്‍ വിവിധ താലൂക്കുകളിലേക്ക് ആവശ്യമായവ തയ്യാറാക്കിയ ശേഷം മാത്രമായിരുന്നു എല്ലാ കേന്ദ്രങ്ങളും പിരിഞ്ഞിരുന്നത്. ഇത് പലപ്പോഴും അര്‍ദ്ധരാത്രി വരെ നീളും. ഒരവസരത്തില്‍ കളക്ട്രേറ്റില്‍ പോലീസ് സേനാംഗങ്ങളുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ രണ്ട് മണിവരെ കിറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയിരുന്നു. മലപ്പുറത്ത് നിന്നുള്ള മലബാര്‍ സെപെഷ്യല്‍ പോലീസും, പാലക്കാട്ട് നിന്നുള്ള കെ.എ.പി സേനാംഗങ്ങളുമായിരുന്നു അന്ന് കിറ്റ് നിര്‍മ്മാണത്തില്‍ റെക്കോഡിട്ടത്.
തൃക്കാക്കര കമ്മ്യൂണിറ്റി ഹാള്‍, കെ.ബി.പി.എസ്, കളമശ്ശേരി, കളക്ട്രേറ്റ് എന്നിവിടങ്ങളിലായാണ് കിറ്റുകള്‍ തയ്യാറാക്കിയിരുന്നത്. കളമശ്ശേരിയിലെ കിറ്റ് നിര്‍മ്മാണം പൂര്‍ണ്ണമായും കുടുംബശ്രീ പ്രവര്‍ത്തകരാണ് നിര്‍വഹിച്ചത്. സന്നദ്ധ പ്രവര്‍ത്തകരുടെ രജിസ്ട്രേഷന്‍ നടപടികള്‍ തൃക്കാക്കര വില്ലേജ് ഓഫീസിലായിരുന്നു. ഇതിന് പുറമേ ഐ.ടി മിഷന്റെ വെബ് സൈറ്റിലൂടെ റെജിസ്റ്റര്‍ ചെയ്തവരും സേവനത്തിനെത്തി. വീട്ടമ്മമാരും, റിട്ടയേഡ് ഉദ്യോഗസ്ഥരും, ഐ.ടി രംഗത്തെ ജീവനക്കാരും രാത്രി സമയത്ത് കിറ്റ് തയ്യാറാക്കുന്നതിന് എത്തിയിരുന്നു. പതിവ് ചര്യകളെല്ലാം ഉപേക്ഷിച്ച് രാത്രി 11 മണിവരെയുള്ള ഇവരുടെ സേവനവും സാന്നിധ്യവും വ്യത്യസ്തമായ അനുഭവമാണെന്ന് വോളന്റിയര്‍മാരുടെ ചുമതലയുണ്ടായിരുന്ന നോഡല്‍ ഓഫീസര്‍ ബീന.പി.ആനന്ദ് പറഞ്ഞു.
ദുരിതാശ്വാസ സാമഗ്രികള്‍ തയ്യാറാക്കി തുടങ്ങിയ ആദ്യ നാളുകള്‍ മുതല്‍ എപ്പോഴും സേവനത്തിന് സജ്ജരായ നൂറോളം മാസ്റ്റര്‍ വോളന്റിയര്‍മാര്‍ ഉണ്ട്. രാവിലെ എട്ട് മുതല്‍ രാത്രി 11 വരെ നീളുന്നതാണ് ഇവരുടെ ഷിഫ്റ്റ്. മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിരുന്നത് ഇവരായിരുന്നു. മൂവാറ്റുപുഴ ആര്‍.ടി ഓഫീസിലെ ലൈസന്‍സ് അഡ്മിന്‍ ടി.എ. നാസര്‍ ഇവരിലൊരാളാണ്. ആരക്കുന്നം ടോക് എച്ച് എഞ്ചിനീയറിംഗ് കോളേജിലെ 120 വിദ്യാര്‍ത്ഥികള്‍ ജിം.ടി എന്ന അധ്യാപകന്റെ നേതൃത്വത്തില്‍ അഞ്ച് ദിവസം സജീവമായി പങ്കെടുത്തു. കളമശ്ശേരി എസ്.സി.എം.എസ് കോളേജിലെയും തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികള്‍ അടക്കം നിരവധി വിദ്യാര്‍ത്ഥികളും ബാച്ചുകളായെത്തി കിറ്റുകള്‍ തയാറാക്കുന്നതില്‍ സഹായിച്ചു. സന്നദ്ധപ്രവര്‍ത്തകരില്‍ കായികബലം മൂലം കടുത്ത ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടവര്‍ക്ക് വിളിപ്പേരും വീണു – ടീം സവാള.