ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന പരിഗണിച്ച് സര്‍വകലാശാലകള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും സഹകരണം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ വേര്‍തിരിവുകള്‍ ഉണ്ടാകരുത്. കോളേജ് മാനേജ്‌മെന്റുകളുടെ ഭാഗത്തുനിന്നും നിര്‍ലോഭമായ സഹകരണം വേണം. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍, മാനേജര്‍മാര്‍ എന്നിവര്‍ക്കെല്ലാം കാര്യമായ ഇടപെടല്‍ നടത്താനാകും. വിദ്യാര്‍ഥികളില്‍ നിന്നുള്ള സംഭാവന നിക്ഷേപിക്കാന്‍ സര്‍വകലാശാല/കോളേജ് അധികാരികള്‍ പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തണം. അഭ്യര്‍ഥന എല്ലാവരും പൂര്‍ണമനസോടെ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. നമ്മുടെ നാടിന്റെ നിലനില്‍പ്പിനും പുനഃസൃഷ്ടിക്കുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാ മനുഷ്യസ്‌നേഹികളുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായും മന്ത്രി പറഞ്ഞു.