കോട്ടയം: ജില്ലയിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി -പുരുഷന്മാർ -കാറ്റഗറി 538/2019) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായുള്ള എൻഡ്യുറൻസ് ടെസ്റ്റ് ഫെബ്രുവരി എട്ടിനു നടക്കും. രാവിലെ ആറു മുതൽ 11 വരെ ഏറ്റുമാനൂർ -മണർകാട് ബൈപാസ് റോഡിൽ പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്‌നാനായ കാതലിക് ചർച്ച് മുതൽ ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്‌കൂൾ വരെയുള്ള 2.5 കിലോമീറ്ററിലാണ് ടെസ്റ്റ് നടക്കുക. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അതിൽ രേഖപ്പെടുത്തിയ നിശ്ചിത സ്ഥലത്തും സമയത്തും എത്തണം. ടെസ്റ്റുമായി ബന്ധപ്പെട്ട് ഗതാഗതതടസം ഉണ്ടാകാനിടയുള്ളതിനാൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.