കോട്ടയം: ഉത്തരവുകളിലും കത്തിലും സാധാരണക്കാർക്ക് മനസിലാകുന്ന ലളിതമായ മലയാളപദങ്ങൾ ഉപയോഗിക്കാൻ ജീവനക്കാർ ശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ഔദ്യോഗികഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ലളിതമായ മലയാള പദങ്ങൾ ഉപയോഗിക്കുന്നതിനൊപ്പം ജനാധിപത്യപരമായ ഭാഷാ ശൈലിയിൽ കുറിപ്പ്, കത്ത്, ഉത്തരവുകൾ എന്നിവ തയാറാക്കാൻ ശ്രദ്ധിക്കണമെന്ന് ഭരണഭാഷയുമായി ബന്ധപ്പെട്ട പ്രഭാഷണത്തിൽ ഔദ്യോഗിക ഭാഷാവകുപ്പിന്റെ ഭാഷാവിദഗ്ധൻ ഡോ. ആർ. ശിവകുമാർ പറഞ്ഞു. പെട്ടെന്ന് മനസിലാക്കാൻ സാധിക്കാത്ത കഠിനപദങ്ങൾ ഒഴിവാക്കണം. സർക്കാർ നിശ്ചയിച്ചിട്ടുള്ളവയ്‌ക്കൊഴികെ എല്ലാ കത്തിടപാടുകളും കുറിപ്പുകളും മലയാളത്തിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് മലയാളം ഔദ്യോഗിക ഭാഷയാക്കിയിട്ടുള്ള വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാർക്കായി ഏർപ്പെടുത്തിയ ജില്ലാതല ഭരണഭാഷ സേവനപുരസ്‌കാരം ചങ്ങനാശേരി സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ ക്ലർക്ക് കെ.വി. സേതുലക്ഷ്മിക്ക് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് നൽകി. ഡോ. ആർ. ശിവകുമാർ സത്‌സേവന രേഖ കൈമാറി. വിവിധ വകുപ്പുകളുടെ ഭാഷാപുരോഗതി യോഗം വിലയിരുത്തി. ഡെപ്യൂട്ടി കളക്ടർ കെ.എ. മുഹമ്മദ് ഷാഫി, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.