കോട്ടയം: മികച്ചതും ഗുണമേന്മയുള്ളതുമായ സേവനങ്ങൾ ജനങ്ങൾക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി ജില്ലാ കളക്ടറുടെ കാര്യാലയത്തിന് അന്താരാഷ്ട്ര ഗുണമേന്മ സംവിധാനമായ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ഐ.എസ്.ഒ. സർട്ടിഫിക്കേഷനുള്ള നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ഐ.എസ്.ഒ. 9001:2015 സർട്ടിഫിക്കേഷൻ നേടാനുള്ള നടപടികളാണ് ആരംഭിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ കളക്ടറുടെ കാര്യാലയം ഐ.എസ്.ഒ. നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികൾ ആരംഭിക്കുന്നത്. ഇതിനാവശ്യമായ ജീവനക്കാർക്കുള്ള പരിശീലനങ്ങളും റെക്കോഡ് റൂം നവീകരണം, ക്രമീകരിക്കൽ, ഓഫീസ് നവീകരണം, ശുചീകരണം അടക്കമുള്ള പ്രവർത്തികളും ആരംഭിച്ചു.
പ്രാരംഭനടപടിയായി ജില്ലാ കളക്ടറുടെ കാര്യാലയത്തെക്കുറിച്ചും നിലവിലുള്ള സംവിധാനങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും പൊതുജനങ്ങളുടെ അഭിപ്രായം ശേഖരിക്കാനുള്ള ഓൺലൈൻ വിവരശേഖരണ ഫോറം പുതുപ്പള്ളി കരോട്ട് നടുവിലേപ്പറമ്പിൽ ചാണ്ടി ആൻഡ്രൂസിന് ലഭ്യമാക്കി പൊതുജനാഭിപ്രായം ശേഖരിക്കൽ നടപടികളുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിച്ചു. ഗൂഗിൾ ഫോം വഴി ( ലിങ്ക്: https://forms.gle/s2QBQHDymfxEFtKJA) ഓൺലൈനായാണ് അഭിപ്രായം ശേഖരിക്കുക. ഇവ നവസാമൂഹിക മാധ്യമങ്ങൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും. പൊതുജനങ്ങൾ ഇതിൽ പങ്കാളികളായി അഭിപ്രായം രേഖപ്പെടുത്താൻ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു