സപ്ലൈകോ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി ഫ്‌ലയിംഗ് സ്‌ക്വാഡുകളുടെ പ്രവർത്തനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്‌ജോഷി പറഞ്ഞു.

നേരത്തെ അഞ്ച് മേഖലകളിൽ  മാത്രമായിരുന്നു ഫ്‌ലയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നത്.   ഈ മാസത്തോടെ  ഇടുക്കി, വയനാട്, പത്തനംതിട്ട, കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഫ്‌ലയിംഗ് സ്‌ക്വാഡ് സേവനം ആരംഭിച്ചു. ജീവനക്കാരുടെ ലഭ്യതയനുസരിച്ച് മുഴുവൻ ജില്ലകളിലും നിയമനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതായി മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

സപ്ലൈകോയുടെ പ്രവർത്തനം അഴിമതിരഹിതമാക്കുന്നതിന് ലക്ഷ്യമിട്ടാണ് വിജിലൻസ് സംവിധാനം വിപുലീകരിക്കുന്നത്. ഇതിൻറെ ഭാഗമായി ഡിപ്പോ തലത്തിൽ ബോധവത്കരണ പരിപാടികളും നടത്തിവരുന്നു. ജീവനക്കാർക്ക് പരിശീലനം നൽകുന്നതിനുള്ള സ്ഥിര സംവിധാനവും സജ്ജമായിട്ടുണ്ട്.