പണം വിതരണം വെള്ളിയാഴ്ച മുതൽ


നെല്ലു സംഭരണ പദ്ധതിപ്രകാരം കർഷകരിൽ നിന്ന് സപ്ലൈകോ 2022-23 ഒന്നാം വിള സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയായി വിതരണം ചെയ്യാൻ ബാക്കിയുള്ള 195 കോടി രൂപ നാളെ (ഫെബ്രുവരി 10) മുതൽ വിതരണം ചെയ്യും. ഇതിനായി പാഡി റെസീപ്റ്റ് ഷീറ്റിന്റെ അടിസ്ഥാനത്തിൽ വായ്പ നൽകുന്നതിന് കേരള ബാങ്ക് സപ്ലൈകോയുമായി കരാറിൽ ഒപ്പുവച്ചു.

76611 കർഷകരിൽ നിന്നായി 2.3 ലക്ഷം മെട്രിക് ടൺ നെല്ലാണ് ഈ സീസണിൽ സംഭരിച്ചത്. ഇതിൽ 46,314 കർഷകർക്കായി 369.36 കോടി രൂപ നേരത്തെ നൽകിയിരുന്നു. ശേഷിച്ച തുകയായ 195 കോടി രൂപയാണ് കേരള ബാങ്ക് വഴി വിതരണം ചെയ്യുക. തുക കിട്ടാനുള്ള കർഷകർ തൊട്ടടുത്ത കേരള ബാങ്ക് ശാഖയെ സമീപിക്കണം.

ഒരു കിലോ നെല്ലിന് 28.20 രൂപയാണ് താങ്ങുവിലയായി കർഷകർക്ക് ലഭിക്കുക. രാജ്യത്തു തന്നെ ഏറ്റവും ഉയർന്ന വിലയാണ് നെല്ലിന്റെ താങ്ങുവിലയായി സംസ്ഥാനത്ത് നൽകി വരുന്നത്.