സംസ്ഥാനത്ത് എലിപ്പനി രോഗബാധയെക്കുറിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ (സെപ്റ്റംബര്‍ 5) എലിപ്പനിയാണെന്ന് സംശയിക്കപ്പെടുന്ന ഒരു മരണം പത്തനംതിട്ടയിലും സ്ഥിരീകരിച്ച ഒരു മരണം തിരുവനന്തുപുരത്തും ഉണ്ടായി. ആഗസ്റ്റ് 15 മുതല്‍ 45 സംശയാസ്പദ മരണവും 13 എലിപ്പനി മരണവുമാണ് ഉണ്ടായത്.  ജനുവരി ഒന്നു മുതലുള്ള കണക്കനുസരിച്ച്  സ്ഥിരീകരിച്ച മരണം 43 ഉം സംശയാസ്പദമരണം 85 ഉം ആണ്.
പ്രളയത്തിനു ശേഷം വെള്ളമിറങ്ങുന്ന സമയത്ത് എലിപ്പനി പടര്‍ന്നുപിടിക്കുമെന്ന് മുന്‍കൂട്ടി മനസിലാക്കി ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചതു കൊണ്ടാണ് എലിപ്പനി മൂലമുണ്ടായ മരണം കുറയ്ക്കാന്‍ സാധിച്ചത്. പ്രതിരോധനടപടികള്‍ ഫലപ്രദമായി നടപ്പിലാക്കി ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ ഉപയോഗിക്കണമെന്ന് പ്രചരിപ്പിക്കുകയും കൂടുതല്‍ പേരെക്കൊണ്ട് ഗുളിക കഴിപ്പിക്കാന്‍ സാധിച്ചതും രോഗപ്രതിരോധം ഊര്‍ജിതമാക്കി. 75,33,000 ഗുളികകളാണ് സംസ്ഥാനത്ത് ആകെ വിതരണം ചെയ്തത്. ഇനിയും ആവശ്യത്തിന് ഗുളികകള്‍ സ്റ്റോക്ക് ഉണ്ട്. വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി 83,000 ഗുളികകളും വെയര്‍ഹൗസുകളില്‍ 13 ലക്ഷം ഗുളികകളും ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ 15 ലക്ഷം ഗുളികകളും ഉണ്ട്. കൂടുതല്‍ ആവശ്യമെങ്കില്‍ ശേഖരിക്കും.
പ്രളയത്തെ തുടര്‍ന്ന് ആഗസ്റ്റ് 15 മുതല്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കുകയും എല്ലാ ദിവസവും അവലോകന യോഗങ്ങള്‍ നടത്തി ഓരോ ദിവസത്തെയും വിവരങ്ങള്‍ അനുസരിച്ച് ആവശ്യമായ നടപടികള്‍ എടുക്കുകയും ചെയ്തത് രോഗപ്രതിരോധ നടപടികള്‍ എളുപ്പത്തിലാക്കി.
 പ്രളയത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിനാളുകളാണ് ചളിവെള്ളവുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെട്ടത്. രോഗം പടരാന്‍ ഇത്രയധികം സാധ്യതകളുണ്ടായിട്ടും ആയിരത്തില്‍ താഴെ മാത്രം ആളുകളിലേ രോഗബാധ സംശയിക്കപ്പെട്ടുള്ളൂ.  ഇനി കൂടുതല്‍ രോഗബാധ ഉണ്ടാകാന്‍ സാധ്യത വിരളമാണെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ നടപടികളില്‍ഐ.സി.എം.ആര്‍ പോലുള്ള വിദഗ്ധ ടീമുകളുടെ സഹകരണം ലഭിച്ചു. വിദഗ്ധ പഠനങ്ങളും അവലോകനങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ചിട്ടയായ ഇടപെടലും വലിയ ചെറുത്തുനില്‍പ്പുമാണ് വകുപ്പ് നടത്തിയത്. മെഡിസിന്‍, ക്ലോറിനേഷന്‍, പബ്ലിക് ഹെല്‍ത്ത് വിഭാഗങ്ങളിലായി ഉത്തരവാദപ്പെട്ട വിവിധ ഗ്രൂപ്പുകള്‍ വിശ്രമമില്ലാതെ താഴെത്തട്ടുവരെ പ്രവര്‍ത്തിച്ചു.  ആശാവര്‍ക്കര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തര പരിശീലനം നല്‍കി.  നിപ വൈറസ് സമയത്തേതുപോലെ തന്നെ ക്രിയാത്മക ഇടപെടലാണ് ഉണ്ടായത്. വരുന്ന രണ്ടു മൂന്ന് ആഴ്ചക്കാലം ഇതേ ശ്രദ്ധ തുടരേണ്ടി വരും.
വെള്ളപ്പെക്കത്തില്‍ തകര്‍ന്ന ആശുപത്രികള്‍ക്കും സബ് സെന്ററുകള്‍ക്കും പകരം സംവിധാനങ്ങളുണ്ടായി. എല്ലാ റിലീഫ് ക്യാമ്പുകളിലും സര്‍വ്വസജ്ജമായ മെഡിക്കല്‍ ക്യാമ്പുകളും ഏര്‍പ്പെടുത്തി. സ്വകാര്യ  ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തിയ മെഡിക്കല്‍ ടീമുകളെ എല്ലായിടത്തും വിന്യസിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നു പോലും സേവന സന്നദ്ധരായ മെഡിക്കല്‍ ടീമുകളെ എത്തിക്കാന്‍ സാധിച്ചു. ക്യാമ്പുകളിലുള്ള ഡയാലിസിസ്,  ഡയബറ്റിക്, ബ്ലെഡ് പ്രഷര്‍ രോഗികള്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കി. വകുപ്പിന്റെ പഴുതടച്ച ഇടപെടലുകള്‍ക്ക് ഫലമുണ്ടായതുകൊണ്ടാണ് ചികിത്സ ലഭ്യമല്ലാതെയുള്ളുള്ള അപായങ്ങള്‍ ഉണ്ടാകാതിരുന്നത്. നശിച്ചു പോയ ആശുപത്രികള്‍ക്ക് പകരം സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുടെ നിലവാരത്തിലുള്ള ഒ.പി സംവിധാനത്തോടെ 244 താത്കാലിക ആശുപത്രികള്‍ ആരംഭിച്ചു. 244 ഡോക്ടര്‍മാരെയും അത്രയും പാരാമെഡിക്കല്‍ ജീവനക്കാരെയും 1038 പുതിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും താത്കാലികമായി നിയമിച്ചു.
 എത്ര രോഗികള്‍ വന്നാലും ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ മെഡിക്കല്‍ കോളേജുകള്‍ തയ്യാറായി. ആവശ്യമായ സ്‌പെഷ്യാലിറ്റി വാര്‍ഡുകള്‍ ഒരുക്കി.  വലിയ ജോലിഭാരമുണ്ടായിട്ടും ഡോക്ടര്‍മാര്‍ അവിശ്രമം ജോലി ചെയ്തു. ദുരന്തമേഖലയിലെ ജനങ്ങളുടെ മാനസികാഘാതം ലഘൂകരിക്കാന്‍ എല്ലാ ജില്ലയിലും മാനസികാരോഗ്യ വിഭാഗവും പ്രവര്‍ത്തിച്ചു. 222 മാനസിക ആരോഗ്യ പരിപാടികള്‍ സംഘടിപ്പിച്ചു. കൗണ്‍സലിംഗിനും മറ്റുമായി 10671 പേര്‍ക്ക് പരിശീലനം നല്‍കി. 1,17,012 പേര്‍ക്ക് മാനസികാരോഗ്യ സഹായം നല്‍കി. 1200 പേര്‍ക്ക് മാനസികാരോഗ്യ ചികിത്സയും ലഭ്യമാക്കി. ആരോഗ്യ വകുപ്പിനൊപ്പം ആയുഷ് വകുപ്പും ഈ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി.
വെള്ളം മലിനമാകുന്നതിന്റെ ഭാഗമായി മലേറിയ, മഞ്ഞപിത്തം, കോളറ തുടങ്ങിയ മറ്റ് പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാനും സാധ്യത ഉണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ വകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. ചുരുക്കം ചില സ്ഥലങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനെതിരെയും ജാഗ്രത പുലര്‍ത്തണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. മരുന്നുകളുടെ ദൗര്‍ലഭ്യം ഒരിടത്തുമില്ല. മരുന്നു ദൗര്‍ലഭ്യം എവിടെയെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ പരിഹരിക്കും. എലിപ്പനിയാണെന്ന് സംശയം തോന്നിയാല്‍ രക്തപരിശോധനയ്ക്ക് കാത്തു നില്‍ക്കാതെ തന്നെ ചികിത്സ ആരംഭിക്കുകയാണ് പതിവെന്നും അതിനാലാണ് രോഗബാധ മൂലമുള്ള മരണങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍,  ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍,  ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത തുടങ്ങിയവര്‍ സംബന്ധിച്ചു.