കൊച്ചി : 100 വർഷത്തിലേറെ പാരമ്പര്യമുള്ള കേരളത്തിലെ സഹകരണ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന ബദൽ മാതൃകയും ഉൽപ്പാദന രംഗത്തെ ശ്രദ്ധേയമായ ചുവടുവയ്പ്പുകളും ലോകത്തിന് മാതൃകയാണ്.
സഹകരണമേഖലയിലെ ഉത്പന്നങ്ങളെയും സേവനങ്ങളെയും വിപണിയിൽ കൂടുതൽ പരിചയപ്പെടുത്തുക, മൂല്യവർധിത ഉത്പന്നനിർമ്മാണത്തിലേക്ക് കൂടുതൽ സഹകരണസംഘങ്ങളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സഹകരണ എക്സപോയ്ക്ക് കൊച്ചി വീണ്ടും വേദിയാവുകയാണ്. എക്സ്പോയുടെ രണ്ടാമത് എഡിഷൻ സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി 2023 ഏപ്രിൽ 22 മുതൽ 30 വരെ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. ഈ എക്സ്പോയുടെ വിജയകരമായനടത്തിപ്പിനായി ഇന്ന് എറണാകുളം ജില്ല സഹകാരികളുടേയും, ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള രണ്ടാം 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സഹകരണ വകുപ്പ് 2022 ഏപ്രിൽ 18 മുതൽ 25 വരെയുള്ള 8 ദിവസങ്ങളിലായി എറണാകുളം മറൈൻഡ്രൈവ് മൈതാനത്ത് വച്ച് വളരെ വിപുലമായ രീതിയിൽ ആദ്യ സഹകരണ എക്സ്പോ സംഘടിപ്പിച്ചത്. കേരളീയർ വളരെ ആവേശത്തോടെയാണ് അതിനെ സ്വീകരിച്ചത്. 212 സ്റ്റാളുകളിലായി 152 സഹകരണസ്ഥാപനങ്ങൾ എക്സ്പോയിൽ അണിനിരന്നു. കാലിക പ്രസക്തിയുള്ള വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി 11 സെമിനാറുകൾ. സംഘടിപ്പിച്ചു.
തേയില, കാപ്പി, മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾ, ഭൗമ സൂചികയിൽ ഇടം നേടിയ പൊക്കാളി അരിയുടേയും മറ്റ് അരികളുടേയും ശേഖരവും എക്സ്പോയിലുണ്ടായി. ഭക്ഷ്യവനവിഭവങ്ങൾ തുടങ്ങിയ വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങളുമായാണ് പട്ടികജാതി, പട്ടികവർഗ്ഗ സഹകരണസംഘങ്ങൾ മേളയിലെത്തിയത്. വിജയകരമായ പ്രവർത്തനങ്ങൾ നടത്തുന്ന യുവജനസഹകരണ സംഘങ്ങളും സഹകരണവകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും വൈവിധ്യ ശേഖരവുമായി വനിതാ സംഘങ്ങളും എക്സ്പോയിൽ ശ്രദ്ധ നേടി.
സഹകരണസംഘങ്ങൾ ടൂറിസം മേഖലയിൽ നടത്തുന്ന ശക്തമായ ഇടപെടൽ മേളയിൽ വ്യക്തമായിരുന്നു. ടൂർഫെഡ് നടത്തുന്ന വിവിധ ടൂർ പാക്കേജുകൾ പൊതുസമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരാനായി. ആരോഗ്യ ചികിത്സാ രംഗത്തെ സഹകരണ മേഖലയിലെ പങ്കാളിത്തം അതിലൂടെ ജനശ്രദ്ധയിലേക്ക് എത്തി. മറ്റൊരാകർഷണമായിരുന്നു സഹകരണരംഗത്തെ തുണിത്തരങ്ങളുടെ പ്രദർശനം വിവിധ കൈത്തറി സഹകരണ സംഘങ്ങളും ഹാന്റെക്സും പങ്കെടുത്തു.
ഈ വിജയത്തിൽ നിന്നുള്ള ഊർജ്ജം ഉൾക്കൊണ്ടാണ് എക്സ്പോ 2023 വിഭാവനം ചെയ്തിരിക്കുന്നത്. സഹകരണ ഉത്പന്നങ്ങൾക്ക് വലിയ തോതിൽ പ്രിയമേറുന്ന കാലമാണിത്. ന്യൂഡൽഹിയിൽ ഇക്കഴിഞ്ഞ 41-ാമത് അന്തർദേശീയ വ്യാപാരമേളയിൽ കേരളത്തിലെ സഹകരണമേഖലയിലെ ഉല്പന്നങ്ങൾക്ക് വലിയ പ്രചാരം ലഭിച്ചു. സഹകരണസംഘം രജിസ്ട്രാർ സ്റ്റാളിൽ മാത്രം 10.50 ലക്ഷം രൂപയുടെ വിൽപന നടന്നു. ഇതിനുപുറമേ സഹകരണ മേഖലയിൽ നിന്നും മാർക്കറ്റ് ഫെഡ്, കയർ, കൈത്തറി, മത്സ്യഫെഡ് എന്നിവയുടെ പ്രത്യേകം സ്റ്റാളുകൾ ഉണ്ടായിരുന്നു. അവയുടെ ഉത്പന്നങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ഉണ്ടായിരുന്നത്. ഡൽഹി മേളയോടനുബന്ധിച്ച് നടന്ന ബിസിനസ് മീറ്റിംഗിൽ ഡൽഹിയിലെ ട്രെഡറന്മാർ കേരളത്തിൽ നിന്നുള്ള സഹകരണ ഉത്പന്നങ്ങളിൽ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചു. അതിനു ശേഷം നടന്ന ചർച്ചകളിലൂടെ അവർ സഹകരണമേഖലയിലെ ഉത്പന്നങ്ങൾ വാങ്ങാൻ തയ്യാറായി. ഡൽഹി മേളയുടെ തുടർച്ചയായി അതിന്റെ ഭാഗമായി ഡൽഹിയിലെ വ്യാപാരി വാരപ്പെട്ടി സർവീസ് സഹകരണ സംഘവുമായി ധാരണയായി.
ഇപ്പോൾ കേരളത്തിലെ സഹകരണമേഖയിൽ മൂല്യവർധിത ഉത്പന്നങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്. അവയ്ക്ക് മാർക്കറ്റിൽ കൂടുതൽ സ്വീകാര്യത ലഭിച്ചാൽ ഉത്പാദന യൂണിറ്റുകൾ കൂടും. അതു വഴി തൊഴിലവസരങ്ങൾ കൂടുതൽ സൃഷ്ടിക്കപ്പെടും. കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കും.
ഇന്ന് വിപണിയുടെ സ്വഭാവം മാറിയിട്ടുണ്ട് ഉപഭോക്താക്കളുടെ അഭിരുചിയിലും തെരഞ്ഞെടുപ്പുകളിലും വലിയ മാറ്റം വന്നു. ബ്രാൻഡിംഗിന് വലിയ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ സഹകരണസംഘങ്ങളിലെ ഉല്പന്നങ്ങൾക്ക് ബ്രാൻഡിംഗ് ഉണ്ടാകണം. ബ്രാൻഡ് ഇമേജിലൂടെ സഹകരണ ഉല്പന്നങ്ങളെ ജനമനസിൽ എത്തിക്കണം.
അമൂൽ, മിൽമ, ഹാൻടെക്സ് എന്നിവയൊക്കെ ഇന്ന് സഹകരണമേഖലയിലെ അറിയപ്പെടുന്ന ബ്രാൻഡുകളാണ്. ഗണത്തിലേക്ക് സഹകരണമേഖലയിലെ മൂല്ല്യവർദ്ധിത ഉ്തപന്നങ്ങളും , മറ്റ് ഉത്പന്നങ്ങളും എത്തണം. അതാണ് സഹകരണവകുപ്പ് ലക്ഷ്യമിടുന്നത്.
സഹകരണ എക്സ്പോ 2023 ന്റെ ലക്ഷ്യം.
ദേശീയ തലത്തിലുളള സഹകാരികളുമായി ആശയ സംവാദം
കേരളത്തിലെ സഹകരണങ്ങൾക്കും സേവനങ്ങൾക്കും ഏകീകൃത ബ്രാൻഡ് വികസിപ്പിക്കുക
സഹകരണമേഖലയിൽ പുതിയ ആശയങ്ങളും പ്രൊഫഷണലിസവും സാങ്കേതിക വിദ്യയും പരിചയപ്പെടുത്തുക
കേരളത്തിലെ സഹകരണമേഖലയിലെ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണി ലക്ഷ്യമിട്ടുള്ള പ്രവർത്തനം.
എക്സ്പോ 2023- പ്രത്യേകതകൾ .
ഒരു ലക്ഷം സ്ക്വയർ ഫീറ്റിൽ 300 എയർകണ്ടീഷൻ ചെയ്ത സ്റ്റാളുകൾ.
സഹകരണപ്രസ്ഥാനത്തിന്റെ വികാസ പരിണാമങ്ങൾ എന്നിവയും വകുപ്പ് ഏറ്റെടുത്ത് നടത്തി വരുന്ന വിവിധ ജനകീയ പദ്ധതികൾ തുടങ്ങിയവ ഉൾപ്പെട്ട പ്രത്യേക പവലിയൻ
ഇൻഡ്യയിലെയും ഏഷ്യൻ രാജ്യങ്ങളിലെയും സഹകരണമാതൃകകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ .
വിവിധ വിഷയങ്ങളിൽ സെമിനാറുകൾ,
സഹകരണ മേഖലയിലെ കാലികപ്രസക്തിയുള്ള സംഭവവികാസങ്ങളും പൊതു പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന അക്കാഡ മിക് വിദഗ്ധർ, പ്രൊഫഷണലുകൾ പങ്കെടുക്കുന്ന ഇന്റർനാഷണൽ കോൺഫറൻസ്,
പൊതുജനങ്ങൾക്കായി ദിവസവും കൾച്ചറൽ പ്രോഗ്രാമുകൾ, ഫുഡ് കോർട്ട്,
പ്രോഡക്ട് ലോഞ്ചിംഗിനും പുസ്തക പ്രകാശനത്തിനും പ്രത്യേക വേദികൾ
പങ്കെടുക്കുന്ന സ്ഥാപനങ്ങൾ
സഹകരണസംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള അപെക്സ് സ്ഥാപനങ്ങൾ, ബോർഡുകൾ, പ്രമുഖ ഹോസ്പിറ്റൽ സംഘങ്ങൾ, ഉത്പാദക സഹകരണ സംഘങ്ങൾ, ഫംഗ്ഷണൽ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ ദേശീയ അന്തർദേശീയ തലത്തിൽ പ്രാധാന്യമുള്ള സഹകരണ സ്ഥാപനങ്ങൾ.