ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സഹകരണത്തോടെ കേന്ദ്ര സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ‘അമൃത് യുവ കലോത്സവ് 2021’ അവാ‍ർഡ് ഫെസ്റ്റിവൽ മാ‍‍‍ർച്ച് രണ്ട്, മൂന്ന്, നാല് തീയതികളിൽ സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുള്ള ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ അറിയിച്ചു.

സംഗീതം, നൃത്തം, നാടകം വിഭാഗങ്ങളിൽ 2021ലെ ഉസ്താദ് ബിസ്മില്ല ഖാൻ യുവപുരസ്കാരത്തിന് അർഹരായ 32 കലാപ്രതിഭകളുടെ കലാപ്രകടനങ്ങളും സംവാദങ്ങളും മൂന്ന് ദിവസങ്ങളിലായി ക്യാമ്പസിൽ ഉണ്ടായിരിക്കും. കേന്ദ്ര സംഗീത നാടക അക്കാദമി ചെയ‍ർമാൻ ഡോ. സന്ധ്യ പുരേച, സെക്രട്ടറി അനീഷ് പി. രാജൻ എന്നിവർ ഫെസ്റ്റിവലിന് നേതൃത്വം നൽകുമെന്ന് ഡോ. എം.വി. നാരായണൻ അറിയിച്ചു.